പൈലറ്റുമാർക്ക് 17.75% ശമ്പള വർദ്ധന നടപ്പിൽ വരുത്താൻ എയർ ലിംഗസിന് ലേബർ കോടതി നിർദ്ദേശം

പൈലറ്റുമാരുടെ ശമ്പളത്തില്‍ 17.75% വര്‍ദ്ധന വരുത്താന്‍ എയര്‍ ലിംഗസിന് നിര്‍ദ്ദേശം നല്‍കി ലേബര്‍ കോടതി. ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പൈലറ്റുമാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ലേബര്‍ കോടതിയുടെ ഇടപെടല്‍. നേരത്തെ പൈലറ്റുമാരുടെ സംഘടനയായ IALPA-യും, എയര്‍ ലിംഗസ് അധികൃതരും പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാതെ വന്നതോടെ ലേബര്‍ കോടതി വിഷയം ഏറ്റെടുക്കുകയായിരുന്നു.

സമരം അവസാനിക്കാതെ വന്നതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും, ആയിരക്കണക്കിന് യാത്രക്കാരെ അത് ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു. ശമ്പളത്തില്‍ 24% വര്‍ദ്ധനയാണ് പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 12.5% വര്‍ദ്ധന നല്‍കാം എന്നായിരുന്നു എയര്‍ ലിംഗസിന്റെ നിലപാട്.

ലേബര്‍ കോടതിയില്‍ എയര്‍ ലിംഗസ് അധികൃതരും, IALPA പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് 17.75% ശമ്പള വര്‍ദ്ധന എന്ന നിര്‍ദ്ദേശം കോടതി മുന്നോട്ടുവച്ചത്. ഇത് നടപ്പില്‍ വരുത്തുകയാണെങ്കില്‍ 2023 ജനുവരി 1 മുതല്‍ പുതുക്കിയ ശമ്പളം മുന്‍കാലപ്രാബല്യത്തില്‍ വരും. 2026 അവസാനം വരെ അത് തുടരും.

അതേസമയം ലേബര്‍ കോടതി നിര്‍ദ്ദേശം അംഗീകരിക്കുന്നതായി പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി. നിര്‍ദ്ദേശം പരിശോധിച്ചുവരികയാണെന്ന് എയര്‍ ലിംഗസും പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: