ഫ്രാന്‍സില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് മികച്ച നേട്ടം. ഇടത് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം 181 സീറ്റുകളാണ് നേടിയത്. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ മധ്യപക്ഷമായ റിനെയ്‌സന്‍സ് പാര്‍ട്ടി 160-ലേറെ സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം കൈവരിക്കുമെന്ന് ഏവരും കരുതിയിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിക്ക് സീറ്റുകള്‍ കാര്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചെങ്കിലും, 143 സീറ്റുകളുമായി മൂന്നാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല.
അതേസമയം 577 സീറ്റുകളുള്ള ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയില്‍ ഭരണം പിടിക്കാനുള്ള ഭൂരിപക്ഷമായ 289 സീറ്റുകള്‍ നേടാന്‍ ഒരു സഖ്യത്തിനും, പാര്‍ട്ടിക്കും ആയില്ല എന്നത് ശ്രദ്ധേയമാണ്. ഇതോടെ തൂക്ക് മന്ത്രിസഭ അധികാരത്തില്‍ വന്നേക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ താന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് മാക്രോണ്‍ പ്രതികരിച്ചത്. ജൂലൈ 18-ന് യുഎസിലെ വാഷിങ്ടണില്‍ ആരംഭിക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നും മാക്രോണ്‍ വ്യക്തമാക്കി.
അതേസമയം മാക്രോണ്‍ ഇടത് സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയും രാഷ്ട്രീയ വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. തീവ്രവലതുപക്ഷം അധികാരത്തിലെത്തുമെന്ന സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മാക്രോണ്‍ രാജ്യത്ത് നേരത്തെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതിനാല്‍ അവരുമായി ചേര്‍ന്നൊരു സര്‍ക്കാര്‍ രൂപീകരണം അദ്ദേഹം നടത്തില്ല. പകരം ഇടത് പാര്‍ട്ടികളെ തന്നെയാകും സമീപിക്കുക. പക്ഷേ ഇന്നേ വരെ ഫ്രാന്‍സില്‍ അത്തരമൊരു സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെന്ന കാരണത്താല്‍ ചര്‍ച്ചകള്‍ അത്ര എളുപ്പമാകുകയുമില്ല.
ഇടത് സഖ്യത്തിലെ തീവ്ര ഇടതുവാദികളായ France Unbowed പാര്‍ട്ടിയുമായി സഖ്യം ചേരില്ലെന്ന് മാക്രോണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ഇടത് പാര്‍ട്ടികളായ സോഷ്യലിസ്റ്റ്, ഗ്രീന്‍ എന്നിവരുമായി സഖ്യമാകാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ ഈ പാര്‍ട്ടികള്‍ മാത്രമായി സഖ്യത്തില്‍ നിന്നു മാറി മാക്രോണിനെ പിന്തുണയ്ക്കാനുള്ള സാധ്യതയുമില്ല. അതിനാല്‍ത്തന്നെ ഫ്രാന്‍സിലെ ഭരണമാറ്റം എന്താകുമെന്ന് കാത്തിരുന്ന് കാണുക മാത്രമേ നിവൃത്തിയുള്ളൂ. പുതിയ സര്‍ക്കാര്‍ രൂപീകരിക്കും വരെ ഇടക്കാല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും മാക്രോണിന് 2027 വരെ പ്രസിഡന്റായി തുടരാം.