യുകെയില്‍ ലേബര്‍ പാര്‍ട്ടി നേടിയ വമ്പിച്ച വിജയത്തിന് പിന്നാലെ പുതിയ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ഈയിടെയായി വഷളായ യുകെ-അയര്‍ലണ്ട് ബന്ധം മെച്ചപ്പെടുത്തണമെന്ന് ഇരുവരും ഒറ്റ സ്വരത്തില്‍ തീരുമാനമെടുത്തതായി ഹാരിസ് പറഞ്ഞു. ജൂലൈ 17-ന് യുകെയില്‍ തന്നെ സന്ദര്‍ശിക്കാന്‍ സ്റ്റാര്‍മര്‍ ക്ഷണിക്കുകയും, ഹാരിസ് ക്ഷണം സ്വീകരിക്കുകയും ചെയ്തു.
ബ്രെക്‌സിറ്റിന് ശേഷമുള്ള സംഭവവികാസങ്ങളും, ഈയിടെ യുകെ നടപ്പിലാക്കിയ റുവാന്‍ഡ കുടിയേറ്റനിയമവുമെല്ലാം അയര്‍ലണ്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
അയര്‍ലണ്ടുമായുള്ള ബന്ധം എത്രയും പെട്ടെന്ന് തന്നെ ദൃഢമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഹാരിസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സ്റ്റാര്‍മര്‍ ഉറപ്പ് നല്‍കി. വടക്കന്‍ അയര്‍ലണ്ടില്‍ അധികാരം പങ്കുവയ്ക്കുന്ന രീതി പുനഃസ്ഥാപിച്ചതിനെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. വടക്കന്‍ അയര്‍ലണ്ട് സെക്രട്ടറിയായി ഹിലറി ബെന്നിനെ നിയമിച്ചതും പ്രധാനമന്ത്രി ഹാരിസ് സ്വാഗതം ചെയ്തു.
അതേസമയം ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, വടക്കന്‍ അയര്‍ലണ്ടിന്റെ പുതിയ സെക്രട്ടറിയായ ഹിലറി ബെന്നിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.