ചരിത്രത്തിലാദ്യമായി യുകെയിൽ ഒരു മലയാളി എംപി; ലേബർ ടിക്കറ്റിൽ വിജയിച്ച് സോജൻ ജോസഫ് പാർലമെന്റിൽ

യുകെയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോട്ടയം സ്വദേശിയായ സോജന്‍ ജോസഫാണ് ലേബര്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് യുകെ പാര്‍ലമെന്റിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രമുഖനായ നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് കെന്റിലെ ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ സോജന്‍ തോല്‍പ്പിച്ചത്.

തെരഞ്ഞെടുപ്പില്‍ 15,262 വോട്ടുകള്‍ സോജന്‍ നേടിയപ്പോള്‍ ഗ്രീനിന് 13,483 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. റോസാപ്പൂ ചിഹ്നത്തിലായിരുന്നു സോജന്‍ മത്സരിച്ചത്.

സോജനും കുടുംബവും

കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ 20 വര്‍ഷം മുമ്പാണ് യുകെയിലേയ്ക്ക് നഴ്സിങ് ജോലിക്കായി കുടിയേറിയത്. കോളജ് പഠനകാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു സോജന്‍. പഠിക്കാനും മിടുക്കനായിരുന്നുവെന്ന് സോജന്റെ മൂത്ത സഹോദരന്‍ സൈമണ്‍ പറയുന്നു.

കൈപ്പുഴ ഓണംതുരുത്ത് ചാമക്കാല (ആഞ്ഞേല്‍) വീട്ടില്‍ സി.ടി ജോസഫിന്റെയും, പരേതയായ ഏലിക്കുട്ടിയുടെയും ഏഴ് മക്കളില്‍ ഏറ്റവും ഇളയ ആളാണ് 49-കാരനായ സോജന്‍. ഇരിങ്ങാലക്കുട സ്വദേശിയും, യുകെയില്‍ നഴ്‌സുമായ ബ്രിറ്റയാണ് ഭാര്യ. മക്കള്‍ വിദ്യാര്‍ത്ഥികളായ ഹന്ന, സാറ, മാത്യു.

അതേസമയം തെരഞ്ഞെടുപ്പില്‍ 411 സീറ്റുകള്‍ നേടി ലേബര്‍ പാര്‍ട്ടി, നിലവിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകളെ പരാജയപ്പെടുത്തി. 121 സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ 14 വര്‍ഷമായി ഭരണത്തില്‍ തുടര്‍ന്ന കണ്‍സര്‍വേറ്റീവ്‌സിന് നേടാന്‍ സാധിച്ചത്. ലിബറല്‍ ഡെമോക്രാറ്റ്‌സ് 72 സീറ്റുകള്‍ നേടി. 650 സീറ്റുകളാണ് യുകെ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ ആകെയുള്ളത്. ലേബര്‍ പാര്‍ട്ടിയുടെ കെയര്‍ സ്റ്റാര്‍മര്‍ ആണ് പുതിയ യുകെ പ്രധാനമന്ത്രി.

Share this news

Leave a Reply

%d bloggers like this: