അയർലണ്ടിൽ ഫ്ലൈറ്റ് ക്യാൻസൽ ആയാൽ ലഭിക്കുന്ന അവകാശങ്ങൾ എന്തെല്ലാം? എത്ര തുക നഷ്ടപരിഹാരം ലഭിക്കും?

അഡ്വ. ജിതിൻ റാം

അയര്‍ലണ്ടിലെ എയര്‍ ലിംഗസ് പൈലറ്റുമാരുടെ സമരം കാരണം നിരവധി വിമാന സര്‍വീസുകളാണ് ഈയിടെ ക്യാന്‍സലായത്. ഇതിന് മുമ്പും സമരവും, അല്ലാത്തതുമായ കാരണങ്ങള്‍ കൊണ്ട് സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ സര്‍വീസുകള്‍ മുടങ്ങുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് നിയമപ്രകാരം അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലുള്ള അവകാശങ്ങളും, ആനുകൂല്യങ്ങളും എന്തെല്ലാമാണെന്ന് നോക്കാം.

ആര്‍ക്കെല്ലാം അവകാശങ്ങള്‍ ലഭിക്കും?

യൂറോപ്യന്‍ യൂണിയന്‍ (ഇയു) അല്ലെങ്കില്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ (ഇഇഎ) ഉള്ള എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഈ അവകാശങ്ങള്‍ ലഭിക്കും. പുറത്തുള്ള എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇയു/ഇഇഎ എയര്‍പോര്‍ട്ടുകളില്‍ ഇയു/ഇഇഎ ലൈസന്‍സുള്ള സര്‍വീസ് ക്യാരിയറില്‍ എത്തിയാലും ഇതേ അവകാശങ്ങള്‍ തന്നെ ലഭിക്കും.

അവകാശങ്ങള്‍ ലഭിക്കാത്തത് ആര്‍ക്കൊക്കെ?

സൗജന്യമായോ, കുറഞ്ഞ നിരക്കിലോ യാത്ര ചെയ്യുന്നവര്‍ക്ക് ഈ അവകാശങ്ങള്‍ ലഭ്യമാകില്ല. സാധാരണക്കാര്‍ക്ക് ലഭിക്കാത്ത ഇളവില്‍ യാത്ര ചെയ്യുന്നവര്‍ക്കും അവകാശം ലഭ്യമാകില്ല. ടിക്കറ്റ് കണ്‍ഫേം ആകാതിരിക്കുക, യാത്രയ്ക്കുള്ള വിസ അടക്കമുള്ള രേഖകള്‍ കൈവശം ഇല്ലാതിരിക്കുക, സമയത്ത് ബോര്‍ഡിങ്ങിന് എത്താതിരിക്കുക, യാത്ര ചെയ്യുന്ന വ്യക്തി സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്നീ സാഹചര്യങ്ങളിലും റീഫണ്ട് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല.

സര്‍വീസ് ക്യാന്‍സല്‍ ചെയ്യപ്പെട്ടാല്‍ ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും

നിങ്ങളുടെ ടിക്കറ്റ് കണ്‍ഫേം ആയ ശേഷം സര്‍വീസ് ക്യാന്‍സല്‍ ആകുകയാണെങ്കില്‍ അത് നിങ്ങളെ രേഖാമൂലം അറിയിക്കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥരാണ്. ചെക്ക് ഇന്‍ ചെയ്ത ശേഷമാണ് ഇത് സംഭവിക്കുന്നതെങ്കില്‍ രണ്ട് തവണ സൗജന്യ ടെലിഫോണ്‍ കോള്‍, ഫാക്‌സ് മെസേജുകള്‍ അല്ലെങ്കില്‍ ഇമെയില്‍ എന്നിവ നിങ്ങള്‍ക്ക് കമ്പനി ഓഫര്‍ ചെയ്യേണ്ടതുണ്ട്. ഒപ്പം യാത്രക്കാരുടെ അവകാശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ബോര്‍ഡ് ചെക്ക് ഇന്‍ സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും വേണം.

സര്‍വീസ് ക്യാന്‍സലാകുന്ന പക്ഷം സാധാരണയായി താഴെ പറയുന്ന ഓഫറുകളാണ് കമ്പനികള്‍ നല്‍കുക:

  • ടിക്കറ്റിന്റെ തുക 7 ദിവത്തിനുള്ളില്‍ റീഫണ്ട് ചെയ്യുക
  • കഴിയുന്നത്ര വേഗം പകരം വിമാനം ഏര്‍പ്പാടാക്കുക
  • യാത്ര ചെയ്യുന്നയാളുടെ സൗകര്യത്തിനനുസരിച്ച് വേറെ ഏതെങ്കിലുമൊരു തീയതിയില്‍ സീറ്റുണ്ടെങ്കില്‍ ടിക്കറ്റ് നല്‍കുക

ഇതില്‍ ഏത് വേണമെന്ന് യാത്രക്കാര്‍ക്ക് തീരുമാനിക്കാം. ഇതിന് പുറമെ നഷ്ടപരിഹാരം ലഭിക്കാനും യാത്രക്കാര്‍ക്ക് അവകാശമുണ്ട്.

നഷ്ടപരിഹാരം

വിമാനം ക്യാന്‍സലായാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പക്ഷേ താഴെ പറയുന്ന സാഹര്യങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കില്ല:

  • സര്‍വീസ് ക്യാന്‍സലാകുന്നത് സംബന്ധിച്ച് രണ്ടാഴ്ച മുമ്പെങ്കിലും വിവരം കമ്പനി അറിയിച്ചിട്ടുണ്ടെങ്കില്‍
  • സര്‍വീസ് ക്യാന്‍സലാകുന്ന കാര്യം രണ്ടാഴ്ചയ്ക്കും ഏഴ് ദിവസത്തിനുമുള്ളില്‍ അറിയിക്കുകയും, നിങ്ങള്‍ നേരത്തെ ബുക്ക് ചെയ്ത വിമാനത്തിന്റെ ഡിപ്പാര്‍ച്ചര്‍ ടൈം കഴിഞ്ഞ് പരമാവധി രണ്ട് മണിക്കൂറിനുള്ളില്‍ പുറപ്പെടുകയും, അതിന്റെ ഡെസ്റ്റിനേഷനിലെ അറൈവല്‍ ടൈമിന് പരമാവധി നാല് മണിക്കൂറിനുള്ളില്‍ എത്തുകയും ചെയ്യുന്ന രീതിയില്‍ മറ്റൊരു വിമാനത്തിന് ടിക്കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍
  • ഏഴ് ദിവസത്തിനുള്ളില്‍ സര്‍വീസ് ക്യാന്‍സലാകുന്ന കാര്യം അറിയിക്കുകയും, പകരമായി നേരത്തെ നിങ്ങള്‍ നേരത്തെ ബുക്ക് ചെയ്ത വിമാനത്തിന്റെ ഡിപ്പാര്‍ച്ചര്‍ ടൈം കഴിഞ്ഞ് പരമാവധി ഒരു മണിക്കൂറിനുള്ളില്‍ പുറപ്പെടുകയും, അതിന്റെ ഡെസ്റ്റിനേഷനിലെ അറൈവല്‍ ടൈമിന് പരമാവധി രണ്ട് മണിക്കൂറിനുള്ളില്‍ എത്തുകയും ചെയ്യുന്ന രീതിയില്‍ മറ്റൊരു വിമാനത്തിന് ടിക്കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍

ഇവയ്ക്ക് പുറമെ ഒരു തരത്തിലും മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത, അസാധാരണായ ഒരു സാഹചര്യം കാരണമാണ് സര്‍വീസ് ക്യാന്‍സലാകുന്നതെങ്കിലും നഷ്ടപരിഹാരം ലഭിക്കില്ല. ഉദാ: കാലാവസ്ഥ മോശമാകല്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിയന്ത്രണം, സുരക്ഷാ പ്രശ്‌നം, സര്‍വീസിനെ ബാധിക്കുന്ന തര്‍ക്കങ്ങള്‍

റീഫണ്ടും, റീ റൂട്ടിങ്ങും ഒപ്പം ലഭിക്കുന്ന നഷ്ടപരിഹാരവും

റീഫണ്ടിനൊപ്പമുള്ള നഷ്ടപരിഹാരമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എത്ര തുക റീഫണ്ട് ലഭിക്കുമെന്നത് ഏത് ഫ്‌ളൈറ്റാണ് നിങ്ങള്‍ ബുക്ക് ചെയ്തത് എന്നത് അനുസരിച്ചിരിക്കും. അതിന്റെ പട്ടിക ചുവടെ:

Type of flightCompensation
Flights of 1,500 km or less€250
Flights of over 1,500 km within the EU and
other flights between 1,500 and 3,500 km
€400
All other flights€600

മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് നല്‍കുന്ന റീ റൂട്ടിങ്ങിനൊപ്പമുള്ള നഷ്ടപരിഹാരം ആവശ്യമാണെങ്കില്‍ അത് കണക്കാക്കുന്നത് പുതിയ വിമാനം വൈകുന്നതിന്റെ സമയം അടിസ്ഥാനപ്പെടുത്തിയാണ്. അതിന്റെ പട്ടിക ചുവടെ. ഈ വെയ്റ്റിങ് സമയത്ത് സൗജന്യ ഭക്ഷണം, രാത്രി താമസം, ഗതാഗതം സൗകര്യം എന്നിവയും കമ്പനി നിങ്ങള്‍ക്ക് നല്‍കണം.

Type of flightDelayCompensation
Flights of 1500km or less2 hours or less€125
Flights of 1500km or lessmore than 2 hours€250
Flights of over 1,500 km within the EU and
other flights between 1,500 and 3,500 km
3 hours or less€200
Flights of over 1,500 km within the EU and
other flights between 1,500 and 3,500 km
more than 3 hours€400
All other flights4 hours or less€300
All other flightsmore than 4 hours€600

കൂടുതൽ വിവരങ്ങൾക്ക്: https://www.citizensinformation.ie/en/travel-and-recreation/air-travel/compensation-for-overbooked-and-delayed-flights/#2eff60

ലേഖകൻ:

Adv. Jithin Ram

Mob: 089 211 3987

J T Solicitors

Share this news

Leave a Reply

%d bloggers like this: