ഉക്രെയിൻ കുടുംബത്തെ കത്തികാട്ടി ഭയപ്പെടുത്തി, വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു; ഡബ്ലിൻകാരന് ജയിൽ ശിക്ഷ

ഡബ്ലിനിലെ വീട്ടില്‍ പുതുതായി താമസിക്കാനെത്തിയ ഉക്രെയിന്‍ കുടുംബത്തെ കത്തികാട്ടി ഭയപ്പെടുത്തുകയും, ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയും ചെയ്ത ഐറിഷ് പൗരന് തടവ് ശിക്ഷ വിധിച്ച് കോടതി. റിച്ചാര്‍ഡ് ബോഹാന്‍ എന്ന 34-കാരനാണ് ക്ലോവര്‍ഹില്‍ ജില്ലാ കോടതി ഒമ്പത് മാസത്തെ തടവ് വിധിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 19-ന് സൗത്ത് ഡബ്ലിനിലായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബത്തെ കത്തി വീശി ഭീഷണിപ്പെടുത്തുന്നതിനൊപ്പം അവര്‍ക്ക് നേരെ പ്രതിയായ ബോഹാന്‍ ഒരു ബക്കറ്റ് വലിച്ചെറിയുകയും ചെയ്തിരുന്നു. ഒപ്പം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയും ചെയ്തു. ഉക്രെയിന്‍കാരായ ദമ്പതികളും അവരുടെ എട്ട് വയസുകാരിയായ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം റോഡിലൂടെ പോയ ഒരാള്‍ സ്വീപ്പിങ് ബ്രഷ് ഉപയോഗിച്ച് ബോഹാന്റെ ശ്രദ്ധ തിരിക്കുകയും, ഉക്രെയിന്‍ കുടുംബം വീട്ടില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ഫയര്‍ ആംസ് ആന്‍ഡ് ഒഫന്‍സീവ് വെപ്പണ്‍സ് ആക്ട് പ്രകാരം അന്ന് തന്നെ ഗാര്‍ഡ ബോഹാനെ അറസ്റ്റ് ചെയ്തു.

ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡ്‌സോര്‍ഡര്‍, ഓട്ടിസം എന്നിവയുള്ള ആളാണ് പ്രതിയായ ബോഹാന്‍. ഒപ്പം മറ്റ് മാനസികാസ്വാസ്ഥ്യങ്ങളുമുണ്ട്. അന്ന് നടന്ന സംഭവത്തെ പറ്റി പ്രതി വ്യക്തമായി ഓര്‍ക്കുന്നില്ലെന്നും ഇയാളുടെ വക്കീല്‍ കോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് ശിക്ഷയിലെ അവസാനത്തെ അഞ്ച് മാസം ജഡ്ജ് ഇളവ് ചെയ്തു. ബാധിക്കപ്പെട്ട കുടുംബത്തിന്റെ അടുത്ത് പോകരുത്, ആ പ്രദേശത്ത് ചെല്ലരുത് മുതലായ ഉപാധികളോടെയാണ് ഇളവ്. ഫെബ്രുവരി 19 മുതല്‍ പ്രതി കസ്റ്റഡിയിലുള്ള കാലയളവ് ശിക്ഷാ കാലയളവായി കണക്കാക്കും.

Share this news

Leave a Reply

%d bloggers like this: