ഈ വര്‍ഷം പകുതിയെത്തുമ്പോള്‍ അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന 1.7% വര്‍ദ്ധിച്ചു. ആകെ 78,942 കാറുകളാണ് ഈ വര്‍ഷം ഐറിഷ് റോഡുകളിലിറങ്ങിയത്. അതേസമയം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 25% കുറയുകയും ചെയ്തതായി Society of the Irish Motor Industry (SIMI) വ്യക്തമാക്കുന്നു.
നിലവില്‍ രാജ്യത്ത് ഏറ്റവുമധികം പേര്‍ വാങ്ങുന്നത് പെട്രോള്‍ കാറുകള്‍ തന്നെയാണ്. ആകെ വില്‍പ്പനയില്‍ 33 ശതമാനവും പെട്രോള്‍ മോഡലുകള്‍ തന്നെയാണ്. 22.9% വില്‍പ്പനയുമായി ഡീസല്‍ മോഡലുകളാണ് പിന്നാലെ. പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡുകള്‍ 20 ശതമാനത്തിലധികം, ഇലക്ട്രിക് 13.6%, പ്ലഗ് ഇന്‍ ഹൈബ്രിഡുകള്‍ 8.8% എന്നിങ്ങനെയാണ് ബാക്കി കണക്കുകള്‍.
ഇവി രംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് തന്നെയാണ് ഇവി കാറുകളുടെ വില്‍പ്പനയിലെ വീഴ്ച സൂചിപ്പിക്കുന്നതെന്ന് SIMI പറയുന്നു. ചാര്‍ജ്ജിങ് പോയിന്റുകള്‍ കൂടുതലായി സ്ഥാപിക്കുക അടക്കമുള്ള നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
ഈ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം വില്‍പ്പന നടത്തിയ കാര്‍ കമ്പനി ടൊയോട്ടയാണ്. 11,673 കാറുകള്‍ കമ്പനി വിറ്റപ്പോള്‍ 8,463 എണ്ണവുമായി ഫോക്‌സ്‌വാഗണ്‍ രണ്ടാം സ്ഥാനത്തും, 8,076 എണ്ണവുമായി സ്‌കോഡ മൂന്നാം സ്ഥാനത്തുമാണ്. ഹ്യുണ്ടായ് (7,111), കിയ (5,617) എന്നിവയാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍.
അതേസമയം അയര്‍ലണ്ടില്‍ ഈ വര്‍ഷം ഏറ്റവുമധികം വില്‍പ്പന നടത്തിയ മോഡല്‍ ഹ്യുണ്ടായുടെ ടസ്‌കണ്‍ ആണ്. 3,390 ടസ്‌കണ്‍ കാറുകളാണ് ഈ വര്‍ഷം ഇതുവരെ വിറ്റുപോയത്. 3,140 കാറുകളുടെ വില്‍പ്പനയുമായി സ്‌കോഡ ഒക്ടേവിയ ആണ് രണ്ടാമത്. ഏറ്റവുമധികം വില്‍ക്കപ്പെട്ട ഇവി ഫോക്‌സ്‌വാഗണ്‍ ID.4 ആണ് (862 എണ്ണം).