വെസ്റ്റ് മീത്തിൽ അപകടത്തിൽ പെട്ട കാറിൽ ഡ്രൈവർ മരിച്ചുകിടന്നത് രണ്ട് ദിവസം

വെസ്റ്റ് മീത്തില്‍ നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം രണ്ട് ദിവസം കാറില്‍ തന്നെ കിടന്ന സംഭവത്തില്‍ ഞെട്ടല്‍. പോളിഷ് പൗരനായ Marcin Nowosielski-യെ ആണ് അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം മരിച്ച നിലയില്‍ സുഹൃത്തുകള്‍ കണ്ടെത്തിയത്. വീട്ടില്‍ തിരികെ എത്താത്തത് കാരണം സുഹൃത്തുക്കള്‍ ഫാക്ടറി ജീവനക്കാരനായ Nowosielski-യെ അന്വേഷിച്ചിറങ്ങുകയായിരുന്നു.

വെസ്റ്റ് മീത്തിലെ Teevrevagh-യിലാണ് റോഡരികില്‍ അപകടത്തില്‍ പെട്ട കാറില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെ കണ്ടെത്തുന്നത്. കാര്‍ തലകീഴായി ഒരു കുഴിയിലേയ്ക്ക് വീണുകിടക്കുകയായിരുന്നു. അതിനാല്‍ കാര്‍ അപകടത്തില്‍ പെട്ടത് റോഡിലൂടെ പോയ ആരും ശ്രദ്ധിച്ചില്ല. വേറെ വാഹനവുമായി കൂട്ടിയിടിച്ചായിരുന്നില്ല അപകടം എന്നതും കാര്‍ കണ്ടെത്താന്‍ വൈകുന്നതിന് കാരണമായി.

10 വര്‍ഷത്തിലധികമായി Collinstown-ല്‍ താമസിച്ചുവരികയായിരുന്നു മരിച്ച Nowosielski.

അതേസമയം ബുധനാഴ്ച രാവിലെ 5.30-ഓടെ പ്രദേശത്തുണ്ടായ മറ്റൊരപകടത്തില്‍ 80-ലേറെ പ്രായമുള്ള പുരുഷനും കൊല്ലപ്പെട്ടു. Gartlandstown-ല്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന സ്ത്രീയെയും, മറ്റേ കാറിലെ യാത്രക്കാരനായ ഒരു പുരുഷനെയും പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: