പബ്ബിന് പുറത്തെ ആക്രമണം; Fine Gael സെനറ്റർ 39,000 യൂറോ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൗണ്ടി ലൂവിലെ ഡണ്‍ഡാല്‍ക്കിലുള്ള പബ്ബിന് പുറത്ത് വച്ച് ഒരാള്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ Fine Gael സെനറ്ററായ John McGahon-നോട് 39,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി. 2018 ജൂണ്‍ 16-നാണ് കര്‍ഷകനായ Breen White-ഉം, സെനറ്റര്‍ John McGahon-ഉം തമ്മില്‍ പ്രശ്‌നമുണ്ടായി കയ്യാങ്കളിയിലെത്തിയത്. താന്‍ White-നെ ആക്രമിച്ചിട്ടില്ലെന്നും, ആത്മരക്ഷാര്‍ത്ഥം പ്രതിരോധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും McGahon കോടതിയില്‍ പറഞ്ഞിരുന്നു.

അക്രമസംഭവത്തിന് ശേഷമാണ് 33-കാരനായ McGahon സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

പബ്ബില്‍ വച്ച് McGahon, തന്റെ ഭാര്യയുടെ ദേഹത്ത് കൈവച്ച ശേഷം ‘എന്നോടൊപ്പം വരൂ’ എന്ന് പറഞ്ഞത്, താന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം എന്ന് White കോടതിയില്‍ പറഞ്ഞു. White ചോദ്യം ചെയ്തതതോടെ തര്‍ക്കം രൂക്ഷമാകുകയും, പിന്നാലെയെത്തിയ McGahon ആക്രമിക്കുകയായിരുന്നുവെന്നുമാണ് White വാദിച്ചത്. സിസിടിവി ദൃശ്യങ്ങളും തെളിവായി നിരത്തി. ഈ ടൗണിനെ നിയന്ത്രിക്കുന്നത് താനാണെന്നും, എന്നെ നീ അറിഞ്ഞിരിക്കണമെന്നും ആക്രമണത്തിന് മുന്നെ McGahon പറഞ്ഞിരുന്നുവെന്നും White കോടതിയില്‍ ബോധിപ്പിച്ചു. പക്ഷേ McGahon ഇത് നിഷേധിച്ചിരുന്നു.

വിചാരണയ്ക്ക് ശേഷമുള്ള ചര്‍ച്ചയില്‍, ആക്രമണത്തിന്റെ തെറ്റ് 65% McGahon-ന്റെ ഭാഗത്തായിരുന്നു എന്നും, 35% White-ന്റെ ഭാഗത്തായിരുന്നുവെന്നും ജൂറി ജഡ്ജിനെ അറിയിച്ചു. 60,000 യൂറോ McGahon, White-ന് നഷ്ടപരിഹാരമായി നല്‍കാനായിരുന്നു ജൂറിയുടെ നിര്‍ദ്ദേശമെങ്കിലും അന്തിമവിധിന്യായത്തില്‍ 39,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: