അയർലണ്ടിൽ വർഷം തോറും വേണ്ടത് 44,000 പുതിയ വീടുകൾ; നിലവിൽ പൂർത്തിയാക്കപ്പെടുന്നത് 33,000 എണ്ണം മാത്രം

അയര്‍ലണ്ടിലെ ജനസംഖ്യയ്ക്ക് അനുസൃതമായി കണക്കാക്കുകയാണെങ്കില്‍, വര്‍ഷം തോറും രാജ്യത്ത് ശരാശരി 44,000 വീടുകള്‍ പുതുതായി നിര്‍മ്മിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട്. ജനസംഖ്യാവര്‍ദ്ധനവ് അടിസ്ഥാനമാക്കി പരിശോധിക്കുമ്പോള്‍ 2024 മുതല്‍ 2030 വരെ വര്‍ഷം തോറും ഇത്രയും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്നാണ് The Economic and Social Research Institute (ESRI), ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിനായി നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.

അതേസമയം രാജ്യത്തേയ്ക്കുള്ള കുടിയേറ്റം വര്‍ദ്ധിക്കുകയാണെങ്കില്‍ 41,000 മുതല്‍ 53,000 വരെ വീടുകള്‍ അടുത്ത ആറ് വര്‍ഷത്തിനിടെ ഓരോ വര്‍ഷവും നിര്‍മ്മിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ചില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലിയോ വരദ്കര്‍ പറഞ്ഞത് വര്‍ഷം 50,000 വീടുകള്‍ എന്ന ലക്ഷ്യം ഈ വര്‍ഷമോ, അടുത്ത വര്‍ഷമോ കൈവരിക്കാന്‍ സാധിക്കുമെന്നായിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 33,450 എണ്ണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അടുത്ത വര്‍ഷം 36,100-ഉം, 2026-ല്‍ 36,900 വീടുകളും പണി പൂര്‍ത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.

മറുവശത്താകട്ടെ ഈ വര്‍ഷം ഏപ്രില്‍ വരെ 141,600-ഓളം പേരാണ് അയര്‍ലണ്ടിലേയ്ക്ക് കുടിയേറ്റക്കാരായി എത്തിയത്. ഇതില്‍ 64,000 പേര്‍ പിന്നീട് രാജ്യം വിട്ടു. അങ്ങനെ നോക്കുമ്പോള്‍ 77,600 കുടിയേറ്റക്കാരാണ് ആദ്യ നാല് മാസങ്ങളില്‍ രാജ്യത്ത് എത്തിയിരിക്കുന്നത്. ഒപ്പം 2022-2030 കാലയളവില്‍ രാജ്യത്തെ ജനസംഖ്യയില്‍ 516,000 പേരുടെ വര്‍ദ്ധനയുണ്ടാകുമെന്നും കണക്കാക്കുന്നു.

ജനസംഖ്യ, വീടുകളുടെ ഡിമാന്‍ഡ് എന്നിവയുടെ കാര്യത്തില്‍ കൃത്യമായ നിഗമനങ്ങളില്‍ എത്തുക സാധ്യമല്ലെന്നും, കുടിയേറ്റം, വീടുകളുടെ വലിപ്പം, നിലവിലെ വീടുകളുടെ സ്‌റ്റോക്ക് മുതലായവ കണക്കാക്കി ഒരു ഏകദേശധാരണയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ESRI പറയുന്നുണ്ട്. ഭാവിയിലെ ഘടകങ്ങള്‍ മാത്രമാണ് പരിഗണിച്ചിരിക്കുന്നതെന്നും, നിലവില്‍ രാജ്യത്ത് പിടിച്ചുനിര്‍ത്തിയിരിക്കുന്ന ഹൗസിങ് ഡിമാന്‍ഡ് ഇതില്‍ ഉള്‍പ്പെടില്ലെന്നും റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ESRI ഓര്‍മ്മിപ്പിക്കുന്നു.

റിപ്പോര്‍ട്ട് കാര്യമായി പരിഗണിക്കുമെന്ന് ഭവനമന്ത്രി ഡാര ഒബ്രിയന്‍ പറഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: