ഡബ്ലിനിലെ പോസ്റ്റ് ഓഫീസില്‍ പട്ടാപ്പകല്‍ കൊള്ള നടത്തിയ രണ്ട് പേര്‍ക്ക് തടവ് ശിക്ഷ. 2023 നവംബര്‍ 11-ന് Ballyfermot-ലെ Decies Road-ലുള്ള പോസ്റ്റ് ഓഫീസിലാണ് വ്യാജ തോക്കുമായെത്തി രണ്ട് പേര്‍ കൊള്ള നടത്തിയത്. കേസിന്റെ വിചാരണയ്‌ക്കൊടുവില്‍ ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് ഡബ്ലിന്‍ സ്വദേശികളായ Mark O’Grady (35), Paul Bradley (43) എന്നീ പ്രതികളെ കുറ്റക്കാരെന്ന് കണ്ട് ആറ് വര്‍ഷം വീതം തടവിന് ശിക്ഷിച്ചത്.
അതേസമയം കേസിലെ മറ്റൊരു പ്രതിയും, ഇവരെ പോസ്റ്റ് ഓഫീസില്‍ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ Lee Conlon (44)-നെ നേരത്തെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. മോഷ്ടിച്ച കാറാണ് ഇതിനായി ഉപയോഗിച്ചത്.
പോസ്റ്റ് ഓഫീസിലെത്തിയതിന് ശേഷം O’Grady വ്യാജ തോക്കുമായി വാതിലിന് മുന്നില്‍ നിലയുറപ്പിക്കുകയും, ആളുകള്‍ അകത്ത് പോകുന്നതും, പുറത്തേയ്ക്ക് വരുന്നതും തടയുകയും ചെയ്തു. Bradley-യും Conlon-ഉും അകത്ത് കടന്ന് കൊള്ള നടത്തി. 20,000 യൂറോ ആയിരുന്നു സംഘം കവര്‍ന്നത്.
സംഘം വന്ന കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മനസിലാക്കിയ പോസ്റ്റ്മാസ്റ്റര്‍ ഗാര്‍ഡയെ വിവരമറിയിക്കുകയും, കാറിനെ പിന്തുടര്‍ന്ന ഗാര്‍ഡ വൈകാതെ തന്നെ സംഘത്തെ പിടികൂടുകയുമായിരുന്നു.