അയർലണ്ടിലെ ഏറ്റവും ജനകീയ പാർട്ടിയായി Fine Gael; 2021 ജൂണിനു ശേഷം ഇതാദ്യമായി Sinn Fein-ന് തിരിച്ചടി

2021 ജൂണിന് ശേഷം ഇതാദ്യമായി അയര്‍ലണ്ടിലെ ഏറ്റവും ജനകീയ രാഷ്ട്രീയപാര്‍ട്ടി സ്ഥാനത്ത് നിന്നും Sinn Fein-ന് പിന്മടക്കം. ബിസിനസ് പോസ്റ്റ്/ റെഡ് സി നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടി Fine Gael ആണെന്നാണ് വ്യക്തമായിരിക്കുന്നത്. 21% ജനങ്ങളുടെ പിന്തുണയാണ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് നേതാവായ പാര്‍ട്ടിക്കുള്ളത്. പ്രതിപക്ഷ നേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന Sinn Fein 20% ജനപിന്തുണയോടെ രണ്ടാം സ്ഥാനത്താണ്. 3% പിന്തുണയാണ് പാര്‍ട്ടിക്ക് കുറഞ്ഞത്. അതേസമയം മുന്‍ സര്‍വേയെക്കാള്‍ Fine Gael-ന് 1 ശതമാനം പിന്തുണ കുറഞ്ഞെങ്കിലും Sinn Fein-ന്റെ വീഴ്ച കാരണം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

മറ്റൊരു ഭരണകക്ഷിയായ Fianna Fail വലിയ നേട്ടമാണ് ഇത്തവണത്തെ പോളില്‍ ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ പിന്തുണ 4% വര്‍ദ്ധിച്ച് 19% ആയി.

കോര്‍ക്ക് സൗത്ത് വെസ്റ്റ് ടിഡിയായ മൈക്കേല്‍ കോളിന്‍സും, ലിമറിക്ക് ടിഡി റിച്ചാര്‍ഡ് ഓ’ഡോണഹ്യൂവും ചേര്‍ന്ന് 2023 നവംബറില്‍ രൂപീകരിച്ച ഇന്‍ഡിപെന്‍ഡന്റ് അയര്‍ലണ്ട് എന്ന പുതിയ പാര്‍ട്ടിയും ഇത്തവണ ലിസ്റ്റില്‍ ഇടം കണ്ടെത്തി. 5% ജനപിന്തുണയാണ് പാര്‍ട്ടിക്കുള്ളതെന്ന് സര്‍വേ വ്യക്തമാക്കുന്നു.

രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരം (മുന്‍ പോളില്‍ നിന്നുണ്ടായ വ്യത്യാസം ബ്രാക്കറ്റില്‍):

Fine Gael 21% (-1)
Sinn Féin 20% (-3)
Fianna Fáil 19% (+4)
Independents 15% (-4)
The Green Party 5% (+1)
Independent Ireland 5% (new)
Social Democrats 5% (=)
Labour 3% (-1)
People Before Profit-Solidarity 3% (=)
Aontú 3% (=)

ഈ വര്‍ഷം ജൂണ്‍ 21-നും 26-നും ഇടയിലായി രാജ്യത്തെ പ്രായപൂര്‍ത്തിയായ 1,000 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.

Share this news

Leave a Reply

%d bloggers like this: