ഡബ്ലിന്‍ നഗരത്തില്‍ നടന്ന പ്രൈഡ് ഡേ സെലിബ്രേഷന് ശക്തമായ മഴയെ അവഗണിച്ചും എത്തിയത് ആയിരക്കണക്കിന് പേര്‍. തലസ്ഥാനനഗരിയില്‍ നടക്കുന്ന പ്രൈഡ് മാര്‍ച്ചിന്റെ 50-ആം വാര്‍ഷികം കൂടിയായ ഇന്നലെ O’Connell Street-ല്‍ നിന്നും Merrion Square-ലേയ്ക്കാണ് മാര്‍ച്ച് നടന്നത്. 1974-ലായിരുന്നു നഗരത്തിലെ ആദ്യ പ്രൈഡ് മാര്‍ച്ച് നടന്നത്.
Merrion Square-ല്‍ തയ്യാറാക്കിയ പ്രൈഡ് വില്ലേജില്‍ സംഗീതപരിപാടികളും, ഭക്ഷണവിതരണവും, മറ്റ് ആഘോഷപരിപാടികളുമായി ഇത്തവണത്തെ പ്രൈഡ് മാര്‍ച്ച് നിറമുള്ള കാഴ്ചയായി. എല്‍ജിബിടിക്യു+ ചാരിറ്റി സംഘടനയായ Belong To ആയിരുന്നു ഇത്തവണ മാര്‍ച്ചിലെ ഗ്രാന്‍ഡ് മാര്‍ഷല്‍. മാര്‍ച്ചില്‍ ഗാസയെ പിന്തുണച്ചുള്ള ബാനറുകളും ഉണ്ടായിരുന്നു.
ഭിന്നലിംഗക്കാര്‍ക്കും, ഇതരലൈംഗികാഭിരുചി ഉള്ളവര്‍ക്കും നേരെ പൊതു ഇടങ്ങളിലും, ഓണ്‍ലൈനിലും വിരുദ്ധവികാരങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുമ്പുള്ളതിലും പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇത്തവണത്തെ പ്രൈഡ് സെലിബ്രേഷനെന്ന് Belog To-വിന്റെ സിഇഒ ആയ മോണിന്‍ ഗ്രിഫിത്ത് പറഞ്ഞു. സര്‍ക്കാര്‍ ഉടനടി തന്നെ ക്രൈം ആന്‍ഡ് ഹേറ്റ് സ്പീച്ച് നിയമം പാസാക്കണമെന്നും, Gender Recognition Act പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ട്രാന്‍സ് വിഭാഗത്തിന് ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുള്ള നടപടികളും കൈക്കൊള്ളണം.
പരേഡില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി, ഡബ്ലിന്‍ മേയര്‍ ജെയിംസ് ഗേഗന്‍ എന്നിവരും സന്നിഹിതരായിരുന്നു.