ഇന്ന് നടക്കുന്ന എട്ട് മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി എയര്‍ ലിംഗസ് പൈലറ്റുമാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മാര്‍ച്ച് നടത്തി. രാവിലെ 6 മണിയോടെ എയര്‍ ലിംഗസിന്റെ ഹെഡ് ഓഫീസില്‍ നിന്നുമാണ് എയര്‍പോര്‍ട്ടിലേയ്ക്ക് നൂറുകണക്കിന് പൈലറ്റുമാര്‍ ഫുള്‍ യൂണിഫോമില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമെന്തി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എയര്‍പോര്‍ട്ടിലെ രണ്ട് ടെര്‍മിനലുകള്‍ക്ക് മുന്നിലൂടെയും രണ്ട് തവണ പൈലറ്റുമാര്‍ മഴയത്തും മാര്‍ച്ച് ചെയ്തു. മാര്‍ച്ചിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് 1 മണി വരെയാണ് പൈലറ്റുമാര്‍ പണിമുടക്കുന്നത്. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് ബുധനാഴ്ച ആരംഭിച്ച അിശ്ചിതകാല വര്‍ക്ക് ടു റൂള്‍ സമരത്തിന് പുറമെയാണ് പണിമുടക്ക്. സമരത്തെത്തുടര്‍ന്ന് ഇതുവരെ 400 സര്‍വീസുകളാണ് മുടങ്ങിയത്.
അതേസമയം പ്രശ്‌നപരിഹാരത്തിനായി പൈലറ്റുമാരുടെ സംഘടനയായ IALPA-യുടെ പ്രതിനിധികളും, എയര്‍ ലിംഗസ് ഭാരവാഹികളും തമ്മില്‍ തിങ്കളാഴ്ച വീണ്ടും ലേബര്‍ കോര്‍ട്ടില്‍ വച്ച് ചര്‍ച്ച നടത്തും. നേരത്തെ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അടക്കം പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ ഇരുകക്ഷികളോടും അഭ്യര്‍ത്ഥിച്ചിരുന്നു.