അയര്‍ലണ്ടിലേയ്ക്ക് ജോലി, താമസം എന്നിവയ്ക്കായി സിംഗിള്‍ പെര്‍മിറ്റ് വിസ നല്‍കുന്ന സംവിധാനം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സര്‍ക്കാര്‍. 2022 ഡിസംബറില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നതിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
ഇയുവില്‍ ജോലിക്കും താമസത്തിനുമായി ഏക വിസാ സമ്പ്രദായം നടപ്പില്‍ വരുത്താത്ത രാജ്യങ്ങള്‍ അയര്‍ലണ്ടും ഡെന്മാര്‍ക്കും മാത്രമാണ്. യുകെ, യുഎസ് എന്നിവരെല്ലാം ഏക വിസാ സമ്പ്രദായമാണ് പിന്തുടരുന്നത്.
ആരോഗ്യം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ആവശ്യമായ ജോലിക്കാതെ എത്തിക്കുന്നതിന് സഹായകമാകുന്ന ഏക വിസാ/ പെര്‍മിറ്റ് സമ്പ്രദായം നടപ്പിലാക്കുന്നതായി പ്രഖ്യാപിക്കുന്നതില്‍ താന്‍ സന്തുഷ്ടയാണെന്ന് ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ പറഞ്ഞു. നിലവില്‍ രാജ്യത്തെ തൊഴില്‍വകുപ്പിന് അപേക്ഷ നല്‍കിയ ശേഷം വിസയ്ക്കായി നീതിന്യായവകുപ്പിനെ സമീപിക്കേണ്ടതുണ്ട്. എന്നാല്‍ സിംഗിള്‍ പെര്‍മിഷന്‍ നിലവില്‍ വരുന്നതോടെ ഇതിന് മാറ്റം വരുമെന്നും, ഈ പ്രക്രിയ വളരെ ലളിതവും, ചെലവ് കുറഞ്ഞതുമാകുമെന്നും മക്എന്റീ പറഞ്ഞു.
നിലവില്‍ അയര്‍ലണ്ടില്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ഉള്ളവരുടെ പങ്കാളികള്‍ ഇവിടെ താമസിക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതായും സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. തൊഴില്‍ നൈപുണ്യമുള്ള പലരും ജോലി ചെയ്യാതെ അവസരങ്ങള്‍ പാഴാക്കുന്നതിന് ഇതോടെ അറുതി വരുമെന്ന് മന്ത്രി മക്എന്റീ പറഞ്ഞു. ഇവര്‍ പെര്‍മിഷന്‍ മാറ്റാനായി ഇമിഗ്രേഷന്‍ ഓഫീസില്‍ വരേണ്ടതില്ലെന്നും, ഉടന്‍ തന്നെ ജോലി ചെയ്യാന്‍ ആരംഭിക്കാമെന്നും മന്ത്രി വ്യക്തമാക്കി.