തന്റെ വീടിന് നേരെയുണ്ടായ ബോബ് ഭീഷണി തീര്‍ത്തും അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ബുധനാഴ്ച വൈകിട്ട് ലഭിച്ച ഭീഷണി കോളിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡ വീട് മുഴുവന്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഹാരിസും, ഭാര്യയും, രണ്ട് മക്കളും വീട്ടില്‍ ഉള്ള സമയത്തായിരുന്നു ഭീഷണി സന്ദേശം എത്തിയത്.
വ്യാജ ഭീഷണി എന്ന വാക്ക് പോലും ശരിയല്ലെന്നും, ഭയപ്പെടുത്താനും, വിഷമിപ്പിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഹാരിസ് പ്രതികരിച്ചു.
‘എനിക്ക് ചെറിയ കുട്ടികളുണ്ട്, എനിക്കൊരു ഭാര്യയുണ്ട്, ഇത് തീര്‍ത്തും അസ്വീകാര്യമാണ്’ ഹാരിസ് പറഞ്ഞു.
ഏതാനും പേര്‍ മുഖംമൂടികള്‍ ധരിച്ച് നിങ്ങളുടെ വീടിന് മുന്നിലെത്തുകയാണെങ്കില്‍ അതിനെ പ്രതിഷേധമെന്ന് പറയാനാകില്ലെന്നും ഹാരിസ് പറഞ്ഞു. മാധ്യമങ്ങളടക്കം ഇത്തരം സംഭവങ്ങളില്‍ വാര്‍ത്ത നല്‍കുന്നത് സ്വയം പരിശോധിക്കണം. മുമ്പ് തന്റെ വീടിന് മുന്നില്‍ ഏതാനും പേര്‍ മുഖംമൂടി ധരിച്ചെത്തി, കുടിയേറ്റവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ഹാരിസ് ഇക്കാര്യം പറഞ്ഞത്.
കൗണ്ടി വിക്ക്‌ലോയിലെ തന്റെ വീട്ടില്‍ തന്നെ കുടുംബത്തോടൊപ്പം താമസം തുടരുമെന്നും ഹാരിസ് വ്യക്തമാക്കി.