‘അയർലണ്ടിലെ പാർലമെൻറ് മന്ദിരത്തിലും മയക്കുമരുന്ന് ഉപയോഗം’: ഗുരുതര ആരോപണവുമായി ടിഡി

അയര്‍ലണ്ടിലെ പാര്‍ലമെന്റ് മന്ദിരമായ ലെയ്ന്‍സ്റ്റര്‍ ഹൗസിലും മയക്കുമരുന്ന് ഉപയോഗമെന്ന് ആരോപണം. ബുധനാഴ്ചയാണ് മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും, നിലവിലെ ടിഡിയുമായ അലന്‍ കെല്ലി, രാജ്യത്തുടനീളം കൊക്കെയ്ന്‍ ഉപയോഗം സ്വീകാര്യത നേടിക്കഴിഞ്ഞതായി ആശങ്കയുയര്‍ത്തിയത്. Dail-ല്‍ സംസാരിക്കവേ ഇക്കാര്യം പറഞ്ഞ കെല്ലി, പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും കൊക്കെയ്ന്‍ ഉപയോഗം ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളം കൊക്കെയ്ന്‍ അഡിക്ഷന്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡിന്റെ റിപ്പോര്‍ട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 13,104 പേരെയാണ് മയക്കുമരുന്ന് അഡിക്ഷന് ചികിത്സിച്ചത്. ഇന്നേവരെയുള്ളതില്‍ റെക്കോര്‍ഡാണിത്. ഇതില്‍ ഏറ്റവുമധികം പേര്‍ അടിമകളായിട്ടുള്ളത് കൊക്കെയ്‌നിനാണ്. അതില്‍ തന്നെ സ്ത്രീകളാണ് കൂടുതലെന്നും റിപ്പോര്‍ട്ടിനെ അധികരിച്ച് ടിപ്പററിയില്‍ നിന്നുള്ള ടിഡിയായ കെല്ലി വിശദീകരിച്ചു. 2017-ന് ശേഷം കൊക്കെയ്ന്‍ അഡിക്ഷന് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 228% ആണ് വര്‍ദ്ധന.

അതേസമയം പാര്‍ലമെന്റ് മന്ദിരത്തിലും മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന കെല്ലിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ടിഡിമാരും മയക്കമുരുന്ന് പരിശോധന നടത്തേണ്ടതുണ്ടെന്ന് ആവശ്യമുയര്‍ന്നു. Dail-ലെ ടോയ്‌ലറ്റില്‍ മുമ്പ് കൊക്കെയ്‌ന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നതായും, താന്‍ 20 വര്‍ഷം മുമ്പ് തന്നെ ടിഡിമാരെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറഞ്ഞിരുന്നുവെന്നും മയക്കമുരുന്നുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ് നല്‍കിവരുന്ന മേരി ബയേണ്‍ വ്യക്തമാക്കി. എന്നാല്‍ അതിന് സാധിക്കില്ലെന്നായിരുന്നു അന്ന് ലഭിച്ച മറുപടി. രാജ്യത്തെ മയക്കുമരുന്ന് നിയന്ത്രണവും, മറ്റനേകം പ്രധാനപ്പെട്ട കാര്യങ്ങളുമായും ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നവരാണ് ടിഡിമാരെന്നും, മദ്യമടക്കം ഒന്നിന്റെയും ലഹരിയിലല്ല അവര്‍ അത് ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും മേരി ബയേണ്‍ ആവശ്യപ്പെട്ടു. ടിഡിമാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെങ്കില്‍ അവര്‍ പരിശോധനയെ ഭയക്കില്ലെന്നും MB Now International-ന്റെ ഡയറക്ടര്‍ കൂടിയായ ബയേണ്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: