അയര്‍ലണ്ടില്‍ പുതുതായി മുഴുവന്‍ സമയ അദ്ധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 2,000 യൂറോ ഇന്‍സന്റീവ്. രാജ്യത്തെ സ്‌കൂളുകളില്‍ അദ്ധ്യാപകരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.
താമസച്ചെലവ് വര്‍ദ്ധന, വിദേശരാജ്യങ്ങളിലെ മെച്ചപ്പെട്ട ജോലിസാധ്യത എന്നിവ കാരണമാണ് അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ അദ്ധ്യാപകരെ ലഭിക്കാതായത്. അദ്ധ്യാപകസംഘടനകളും, സ്‌കൂളുകളും ഇക്കാര്യം നേരത്തെ തന്നെ വിദ്യാഭ്യാസവകുപ്പിനെയും മറ്റും അറിയിച്ചിരുന്നു.
മാസ്റ്റേഴ്‌സ് ഓഫ് എജ്യുക്കേഷന്‍ പൂര്‍ത്തിയാക്കിയ 2,000-ഓളം പേര്‍ക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. ജോലിയേറ്റെടുക്കന്നതോടെ അടുത്ത വേനല്‍ക്കാലത്ത് ഇവര്‍ക്ക് ശമ്പളത്തിന് പുറമെ 2,000 യൂറോ വീതം ഇന്‍സന്റീവായി ലഭിക്കും. 2025-ല്‍ അര്‍ഹത നേടുന്നവര്‍ക്കാണ് ഇന്‍സന്റീവ് നല്‍കുക. ഇതിന് ടാക്‌സ് നല്‍കേണ്ടതുണ്ട്.
രാജ്യത്ത് റെക്കോര്‍ഡായ 121,000 ടീച്ചര്‍മാര്‍ ടീച്ചിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്‌കൂളുകളില്‍ ആവശ്യത്തിന് അദ്ധ്യാപകര്‍ ഇല്ലെന്ന് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ പരാതിയുയര്‍ന്നിരുന്നു തുടര്‍ന്ന് ചില വിഷയങ്ങള്‍ പഠിപ്പിക്കുന്നത് നിര്‍ത്തലാക്കാനോ, കുറയ്ക്കാനോ സ്‌കൂളുകള്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. പ്രൈമറി ക്ലാസുകളില്‍ മാത്രം ഏകദേശം 800 ഒഴിവുകളായിരുന്നു കണ്ടെത്തിയിരുന്നത്.