അയര്‍ലണ്ടിന്റെ പുതിയ ഇയു കമ്മീഷണറായി മൈക്കല്‍ മക്ഗ്രാത്തിനെ തെരഞ്ഞെടുത്തതോടെ അദ്ദേഹത്തിന് പകരമായി പുതിയ ധനമന്ത്രിയാകാന്‍ ജാക്ക് ചേംബേഴ്‌സ്. തിങ്കളാഴ്ച വൈകുന്നേരമാണ് മക്ഗ്രാത്തിനെ പുതിയ ഇയു കമ്മീഷണറാക്കാന്‍ സര്‍ക്കാര്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ധാരണയായത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപനവും നടത്തി.
കമ്മീഷണറാകുന്നതോടെ മക്ഗ്രാത്തിന് സ്ഥാനമൊഴിയേണ്ടി വരുമെന്നതാണ് പുതിയ ധനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലേയ്ക്ക് നയിച്ചത്. Fianna Fail-ന്റെ പുതിയ ഉപനേതാവായി ജാക്ക് ചേംബേഴ്‌സിനെ കഴിഞ്ഞയാഴ്ച തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ധനകാര്യവകുപ്പ് മന്ത്രിസ്ഥാനവും 33-കാരനാ ചേംബേഴ്‌സിനെ തേടിയെത്തിയിരിക്കുന്നത്.
ഡബ്ലിന്‍ വെസ്റ്റില്‍ നിന്നുള്ള ടിഡിയായ ചേംബേഴ്‌സ്, 2020 മുതല്‍ ഈ സര്‍ക്കാരില്‍ ജൂനിയര്‍ മന്ത്രിയാണ്. ധനമന്ത്രിയാകുന്നതോടെ വരുന്ന ഒക്ടോബറില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് കാര്യങ്ങളിലേയ്ക്ക് അദ്ദേഹം ഉടനടി കടക്കേണ്ടി വരും. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് അവതരണമായേക്കും ഇത്.
അതേസമയം മാര്‍ച്ച് വരെയുള്ള മുഴുവന്‍ കാലയളവും സര്‍ക്കാര്‍ തികച്ച ശേഷമേ തെരഞ്ഞെടുപ്പുണ്ടാകൂ എന്നാണ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പറയുന്നതെങ്കിലും, ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ കക്ഷികള്‍ മെച്ചപ്പെട്ട വിജയം കൈവരിക്കുകയും, മാര്‍ച്ചിന് മുമ്പായി അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുകയും വേണമെന്നതിനാല്‍ നവംബര്‍ 15-ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് സൂചനയുണ്ട്.