അയര്‍ലണ്ടിലെ വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനിന് മുകളില്‍ ടാക്‌സ്, ഇന്‍ഷുറന്‍സ്, നാഷണല്‍ കാര്‍ ടെസ്റ്റ് (NCT), കൊമേഷ്യല്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (CVRT) എന്നീ രേഖകള്‍ പ്രിന്റ് ചെയ്ത് പതിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ ആലോചന. പകരം ഇവയെല്ലാം ഡിജിറ്റലൈസ് ചെയ്ത് ഉപയോഗിക്കാനാണ് ഗതാഗതവകുപ്പ് ആലോചിച്ചുവരുന്നത്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ പ്രാരംഭഘട്ടത്തിലാണെന്ന് ഗതാഗതവകുപ്പ് വക്താവ് അറിയിച്ചു.
കൃത്യമായി എപ്പോഴത്തേയ്ക്ക് ഡിജിറ്റലൈസ്ഡ് സംവിധാനം നിലവില്‍ വരുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും 2026 ആദ്യത്തോടെ രാജ്യത്തെ എല്ലാ വാഹനങ്ങളില്‍ നിന്നും രേഖകള്‍ പ്രിന്റ് ചെയ്ത പേപ്പര്‍ ഡിസ്‌കുകള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇത്തരത്തില്‍ പേപ്പര്‍ ഡിസ്‌കുകള്‍ നല്‍കുന്ന അവസാന വര്‍ഷം 2025 ആയിരിക്കും.
ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് രേഖകള്‍ ഡിജിറ്റലായി ഇപ്പോള്‍ തന്നെ Irish Motor Insurance Database (IMID)-ന് കൈമാറുന്നുണ്ട്. എന്നാല്‍ ഇത് ഗാര്‍ഡയ്ക്ക് പൂര്‍ണ്ണമായും ഡിജിറ്റലായി പരിശോധിക്കാവുന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിയാല്‍ മാത്രമേ പേപ്പര്‍ ഡിസ്‌കുകള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. പേപ്പര്‍ ഡിസ്‌കുകള്‍ ഒഴിവാക്കുന്ന പക്ഷം അവ പ്രിന്റ് ചെയ്യാനുള്ള ചെലവ് കുറയുമെന്നും, കൂടുതല്‍ സൗകര്യപ്രദമാകുമെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനികളും, കാര്‍ റെന്റല്‍ സ്ഥാപനങ്ങളും കരുതുന്നത്.
യൂറോപ്പിലെ പല രാജ്യങ്ങളും നേരത്തെ തന്നെ പേപ്പര്‍ ഡിസ്‌ക് രീതി എടുത്തുമാറ്റി രേഖകള്‍ ഡിജിറ്റലാക്കിയിട്ടുണ്ട്. യുകെയില്‍ 10 വര്‍ഷം മുമ്പ് തന്നെ ഡിജിറ്റൈസേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്.
അതേസമയം പരിശോധനാസംവിധാനങ്ങള്‍ കാര്യക്ഷമമായില്ലെങ്കില്‍ ഇന്‍ഷ്വര്‍ ചെയ്യാതെ റോഡില്‍ ആളുകള്‍ വാഹനമിറക്കുന്നത് വര്‍ദ്ധിക്കുമെന്ന ആശങ്ക ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളെയും അപേക്ഷിച്ച് അയര്‍ലണ്ടില്‍ ഇപ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനങ്ങള്‍ റോഡിലിറക്കുന്നത് അധികമാണ്.