തന്നെ തല്ലി ബോധം കെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും ജോലിയില്‍ തുടരുന്ന സൈനികനെ പുറത്താക്കണമെന്ന് ഇരയായ യുവതി. 24-കാരിയായ Natasha O’Brien-നെയാണ് 2022 മെയ് 29-ന് ലിമറിക്ക് സിറ്റിയില്‍ വച്ച് പ്രകോപനം കൂടാതെ ഐറിഷ് സേനയിലെ അംഗമായ Cathal Crotty (22), മര്‍ദ്ദിച്ച് ബോധരഹിതയാക്കിയത്. തുടര്‍ന്ന് കേസില്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുകയും, കഴിഞ്ഞ ബുധനാഴ്ച അവസാനിച്ച വിചാരണയില്‍ കോടതി ഇയാളെ ശിക്ഷിക്കുകയും ചെയ്തിരുന്നു.
മൂന്ന് വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും, വിധിന്യായത്തില്‍ ജഡ്ജ് ഇത് പൂര്‍ണ്ണമായും ഇളവ് ചെയ്തതോടെ പ്രതിയായ Crotty ജയിലില്‍ പോയില്ല. മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെടാത്തതും, തെറ്റ് നിരുപാധികം സമ്മതിച്ചതും, ഇരയോട് മാപ്പപേക്ഷിച്ചതും പരിഗണിച്ചായിരുന്നു കോടതി ജയില്‍ശിക്ഷ പൂര്‍ണ്ണമായും ഇളവ് ചെയ്തത്. ഇപ്പോള്‍ ജയിലില്‍ പോയാല്‍ പ്രതിയുടെ കരിയര്‍ അവസാനിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവദിവസം രാത്രി ലിമറിക്ക് സിറ്റിയിലെ O’Connell Street-ല്‍ വച്ച് രണ്ട് പുരുഷന്മാരെ ലൈംഗികമായി അധിക്ഷേപിച്ച് Cathal Crotty സംസാരിച്ചത് ശ്രദ്ധിച്ച Natasha O’Brien, ആളുകളെ മോശം പേര് വിളിക്കരുതെന്ന് മാന്യമായി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് പ്രതിയായ Crotty, ഇവരെ കുറഞ്ഞത് ആറ് തവണയെങ്കിലും ഇടിക്കുകയും, ചവിട്ടി ബോധരഹിതയാക്കുകയും ചെയ്തത്. സമീപത്ത് കൂടെ നടന്നുപോയ ഒരാള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് Crotty മര്‍ദ്ദനം അവസാനിപ്പിച്ചത്. ശേഷം ഓടിപ്പോകുകയും ചെയ്തു.
അതേസമയം വിധിയില്‍ നിരാശ പ്രകടിപ്പിച്ച Natasha, പ്രതിയായ Crotty-യെ സേനയില്‍ നിന്നും പുറത്താക്കുക മാത്രമാണ് നീതി എന്ന് പ്രതികരിച്ചു. സേനയിലെ ഒരംഗം സാധാരണക്കാരെ ഉപദ്രവിക്കുന്ന പക്ഷം ഉടനടി പിരിച്ചുവിടുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
ഇതിന് പുറമെ Crotty-യെ സേനയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിനിലും, കോര്‍ക്കിലും ആയിരത്തിലേറെ പേര്‍ സംഘടിച്ചെത്തി ശനിയാഴ്ച പ്രതിഷേധപ്രകടനവും നടന്നു.