മിശ്രവംശക്കാരനായ ഐറിഷ് പൗരന് നേരെ സഹപ്രവര്‍ത്തക കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തില്‍ 5,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മിഷനാണ് വാദിക്കുണ്ടായ അപമാനത്തിനും, മനഃപ്രയാസത്തിനും പകരമായി നഷ്ടപരിഹാരം നല്‍കാന്‍ ഇദ്ദേഹം ജോലി ചെയിതിരുന്ന കമ്പനിയോട് ഉത്തരവിട്ടത്. ഇത്തരം സംഭവങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
അയര്‍ലണ്ടിലെ ഒരു മെഡിക്കല്‍ മാനുഫാക്ച്വറിങ് കമ്പനിയിലെ ജോലിക്കാരനായിരുന്നു വാദി. ഇദ്ദേഹത്തിന്റെ പിതാവ് ആഫ്രിക്കന്‍ വംശജനാണ്. 2023 ജൂലൈ 19-ന് ജോലിസ്ഥലത്തെ കാന്റീനില്‍ വച്ച് കുടിയേറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സഹപ്രവര്‍ത്തക കുടിയേറ്റക്കാരെക്കുറിച്ച് വളരെ മോശമായി സംസാരിച്ചത്. ആഫ്രിക്കന്‍ പാരമ്പര്യം കൂടിയുള്ള തന്നെ ഈ സംസാരം ഏറെ വേദനിപ്പിച്ചതായി വാദി WRC-യില്‍ വ്യക്തമാക്കി. കടുത്ത മാനസികസമ്മര്‍ദ്ദത്തിലായ ഇദ്ദേഹത്തിന് ജോലിക്ക് പോകാന്‍ സാധിക്കാതെ വരികയും, ഡോക്ടറുടെ ചികിത്സ വേണ്ടിവരികയും ചെയ്തു.
സംഭവത്തെക്കുറിച്ച് കമ്പനിയിലെ എച്ച്ആറിന് പരാതി നല്‍കിയെങ്കിലും സഹപ്രവര്‍ത്തക അത്തരത്തില്‍ സംസാരിച്ചതായി ഓര്‍ക്കുന്നില്ലെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നായിരുന്നു മറുപടി. തുടര്‍ന്ന് വീണ്ടും പരാതി നല്‍കിയെങ്കിലും തെളിവില്ലെന്ന് മറുപടി ലഭിച്ചതോടെയാണ് ഇദ്ദേഹം WRC-യെ സമീപിച്ചത്. ഇദ്ദേഹം കമ്പനിയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു.