അയര്‍ലണ്ടിലെ ഭവനവില ഒരു വര്‍ഷത്തിനിടെ 7.9% ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സിഎസ്ഒ). 2022 നവംബറിന് ശേഷം വില ഇത്രയധികം വര്‍ദ്ധിക്കുന്നത് ആദ്യമായാണ്. 2024 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കാണിത്. മാര്‍ച്ച് വരെ 7.4% ആയിരുന്നു വര്‍ദ്ധന.
അതേസമയം ഡബ്ലിനിലെ ഭവനവില വര്‍ദ്ധന 8.3% ആണ്. ഡബ്ലിന് പുറത്ത് 7.6 ശതമാനവും വില വര്‍ദ്ധിച്ചു.
ഏപ്രില്‍ വരെയുള്ള 12 മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാനായി ശരാശരി 335,000 യൂറോയാണ് മുടക്കേണ്ടത്. അതേസമയം ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീടുകള്‍ വിറ്റുപോയത് Longford-ലാണ്. 169,000 യൂറോയായിരുന്നു ഇവിടുത്തെ ശരാശരി വില. മറുവശത്ത് ശരാശരി വില ഏറ്റവുമധികം Dún Laoghaire-Rathdown-ലാണ്- 624,999 യൂറോ.
രാജ്യത്തെ ഭവനവില ഉടനെയൊന്നും കുറയാന്‍ സാധ്യതയില്ലെന്നും, ആദ്യമായി വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് നിരാശ പകരുന്നതാണ് ഈ വാര്‍ത്തയെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ പറഞ്ഞു.