ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് എയര്‍ ലിംഗസ് പൈലറ്റുമാര്‍ സമരത്തിലേയ്ക്ക്. സമരം വേണമോ എന്നത് സംബന്ധിച്ച് Irish Airline Pilots’ Association (IALPA) അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധനയില്‍ 99% പേരും സമരത്തെ അനുകൂലിച്ചതോടെ പൂര്‍ണ്ണമായ പണിമുടക്കിലേയ്ക്ക് എയര്‍ ലിംഗസ് പൈലറ്റുമാര്‍ നീങ്ങുമെന്നാണ് സൂചന. അങ്ങനെയുണ്ടായാല്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയെയും, പുറംരാജ്യങ്ങളിലേയ്ക്ക് ടൂര്‍ പോകാന്‍ ഇരിക്കുന്നവരെയും അടക്കം അത് ബാധിക്കും.
കഴിഞ്ഞ വാരാന്ത്യത്തിലാണ് അംഗങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ചുള്ള ബാലറ്റ് വോട്ടെടുപ്പ് നടന്നത്. 89% അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു. ആദ്യം നടത്തിയ ഇലക്ട്രോണിക് വോട്ടെടുപ്പിന്‌റെ ഫലത്തില്‍ എയര്‍ ലിംഗസ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വീണ്ടും പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയത്.
ശമ്പളത്തില്‍ 23.8% വര്‍ദ്ധന ആവശ്യമാണെന്നും, എയര്‍ ലിംഗസ് ധാരാളം ലാഭം നേടുന്നുണ്ടെന്നും പൈലറ്റുമാരുടെ സംഘടനയായ IALPA-യുടെ പ്രസിഡന്റ് Captain Mark Tighe പറഞ്ഞു. കഴിഞ്ഞ വര്‍ഷം 225 മില്യണ്‍ യൂറോയായിരുന്നു കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷത്തെക്കാള്‍ 400% അധികമാണിതെന്നും അദ്ദേഹം പറയുന്നു.