ചരിത്രപരമായ ‘പ്രകൃതി പുനഃസ്ഥാപന നിയമം’ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു

പ്രകൃതി പുനഃസ്ഥാപന നിയമം (Nature Restoration Law) അംഗീകരിച്ച് യൂറോപ്യന്‍ യൂണിയന്‍. ലക്‌സംബര്‍ഗില്‍ തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തിലാണ് 20 ഇയു അംഗരാജ്യങ്ങളിലെ പരിസ്ഥിതിവകുപ്പ് മന്ത്രിമാര്‍ നിയമം അംഗീകരിക്കുന്നതായി തീരുമാനമെടുത്തത്. അതേസമയം സ്വീഡന്‍, ഫിന്‍ലന്‍ഡ്, നെതര്‍ലണ്ട്‌സ്, ഇറ്റലി, ഹംഗറി എന്നിവര്‍ നിയമത്തിന് എതിരെ വോട്ട് ചെയ്തു. ബെല്‍ജിയം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

2030-ഓടെ തങ്ങളുടെ രാജ്യത്തെ കരയിലും, കടലിലുമുള്ള അഞ്ചില്‍ ഒരു ഭാഗം പ്രകൃതി എങ്കിലും പുനഃസ്ഥാപിക്കുക എന്നതാണ് നിയമം അനുശാസിക്കുന്നത്. 2050-ഓടെ എല്ലാ ആവാസവ്യവസ്ഥയെയും പുനര്‍നിര്‍മ്മിക്കാനും സാധിക്കണം. അംഗരാജ്യങ്ങളില്‍ നിന്നും ഭൂരിപക്ഷ അംഗീകാരം ലഭിച്ചതോടെ വരും ആഴ്ചകളില്‍ തന്നെ നിയമം നിലവവില്‍ വരും.

ഭാവിയിലേയ്ക്ക് നോട്ടമെത്തിക്കുന്ന, പ്രധാനപ്പെട്ട ദിവസമാണിതെന്നാണ് നിയമം പാസായ ശേഷം ഐറിഷ് പരിസ്ഥിതിവകുപ്പ് മന്ത്രി ഈമണ്‍ റയാന്‍ പ്രതികരിച്ചത്. ചരിത്രപരമായ തീരുമാനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കും, സംവാദങ്ങള്‍ക്കും ശേഷമാണ് നിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നിയമം എത്തരത്തിലാണ് നടപ്പിലാക്കുക എന്നത് സംബന്ധിച്ച വലിയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നതായി അയര്‍ലണ്ടിലെ The Irish Farmers’ Association പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: