പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ ലോകനഗരങ്ങളുടെ പട്ടികയില്‍ ആദ്യ 50-ല്‍ ഡബ്ലിനും. കഴിഞ്ഞ തവണത്തെ പട്ടികയില്‍ നിന്നും ഇത്തവണ 10 സ്ഥാനങ്ങള്‍ കയറി 41-ആം സ്ഥാനത്തായാണ് Mercer’s 2024 റാങ്കിങ്ങില്‍ ഡബ്ലിന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മിലാന്‍, റോം, മഡ്രിഡ് എന്നിവയെയെല്ലാം ഡബ്ലിന്‍ ഇത്തവണ പിന്തള്ളി. ഗതാഗതം, ഭക്ഷണം, വസ്ത്രം, ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ ചെലവ്, വിനോദം എന്നിങ്ങനെ 200-ലധികം ഘടകങ്ങള്‍ അടസ്ഥാനമാക്കിയാണ് അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് കമ്പനിയായ Mercer പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
വാടകനിരക്ക് അടക്കം പൊതുവിലുള്ള ജീവിതച്ചെലവിലെ വര്‍ദ്ധനയാണ് ഡബ്ലിന്‍ പട്ടികയില്‍ മുന്നോട്ട് വരാന്‍ കാരണം. അതേസമയം ഒരു വര്‍ഷത്തിനിടെ ഡബ്ലിനില്‍ പണപ്പെരുപ്പം കാര്യമായി ഉയര്‍ന്നിട്ടില്ലെന്നും, പ്രവാസികളുടെ വാടകനിരക്ക്, സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് എന്നിവ താരതമ്യേന കുറവാണെന്നും പട്ടിക തയ്യാറാക്കിയ Mercer കമ്പനി പറയുന്നു. പ്രവാസികള്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഡബ്ലിനെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഹോങ്‌കോങ് ആണ്. സിംഗപ്പൂരാണ് രണ്ടാമത്. ലോകത്തെ 226 നഗരങ്ങളിലെ ചെലവ് കണക്കാക്കിയതില്‍ നിന്നും പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ നഗരം നൈജീരിയയിലെ അബുജ ആണ്. ഇന്ത്യയിലെ മുംബൈ പട്ടികയില്‍ 136-ആം സ്ഥാനത്തും, ഡെല്‍ഹി 164-ആമതും, ചെന്നൈ 189, ബംഗളൂരു 195 സ്ഥാനങ്ങളിലുമാണ്.
പട്ടികയിലെ ആദ്യ 10 സ്ഥാനക്കാര്‍ ചുവടെ:
- Hong Kong
- Singapore
- Zurich, Switzerland
- Geneva, Switzerland
- Basel, Switzerland
- Bern, Switzerland
- New York, United States
- London, United Kingdom
- Nassau, Bahamas
- Los Angeles, United States