ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത സ്ത്രീയെ പീഡിപ്പിച്ചു; അയർലണ്ടിൽ 65-കാരന് ജയിൽ ശിക്ഷ

അയര്‍ലണ്ടിലേയ്ക്ക് കുടിയേറ്റം നടത്തി എത്തിയ ഇംഗ്ലിഷ് പരിജ്ഞാനമില്ലാത്ത സ്ത്രീയെ പീഡിപ്പിച്ച 65-കാരന് ജയില്‍ശിക്ഷ. താന്‍ താമസിച്ചുവന്ന വാടകവീട്ടില്‍ താമസിക്കാനെത്തിയ വിദേശ വനിതയെ ലൈംഗികമായി ഉപദ്രവിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് കുടിയേറ്റക്കാരനായ പ്രതിയെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. 2022 ഒക്ടോബര്‍ 19, 21 തീയതികളിലായാണ് സംഭവം നടന്നത്.

ഇംഗ്ലിഷ് ഭാഷയറിയാത്ത സ്ത്രീ അയര്‍ലണ്ടില്‍ ജോലിക്കായാണ് എത്തിയത്. തുടര്‍ന്ന് ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസമാക്കി. ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചുവന്നിരുന്ന പ്രതി ആദ്യം അവരെ ലൈംഗികമായി ഉപദ്രവിക്കുകയും, പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. റോഡിലേയ്ക്ക് ഓടിയിറങ്ങിയ സ്ത്രീ, തന്റെ ഫോണില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ വഴി ടൈപ്പ് ചെയ്താണ് വഴിയാത്രക്കാരനായ ഒരാളോട് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിയിക്കുന്നത്.

ലൈംഗികോപദ്രവം നടന്നതിന് ശേഷം രണ്ട് ദിവസം മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ഭയന്നാണ് സ്ത്രീ കഴിഞ്ഞിരുന്നത്. ഇതിന് ശേഷമായിരുന്നു പ്രതി മുറിയിലെത്തി ഇവരെ പീഡിപ്പിച്ചത്.

പ്രതിയായ 65-കാരന് ഏഴ് വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്.

Share this news

Leave a Reply

%d bloggers like this: