‘പൊതുതെരഞ്ഞെടുപ്പിനെ ഉടൻ നേരിടാനും തയ്യാർ, Sinn Fein നേതാവായി തുടരും’: പാർട്ടിയുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ മേരി ലൂ മക്‌ഡൊണാൾഡ്

അയര്‍ലണ്ടില്‍ വേണമെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താമെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനോട് പ്രതിപക്ഷനേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്. ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മക്‌ഡൊണാള്‍ഡിന്റെ പാര്‍ട്ടിയായ Sinn Fein-ന് പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാതെ വരികയും, ഭരണകക്ഷികളായ Fine Gael, Fianna Fail എന്നിവര്‍ കരുത്ത് കാട്ടുകയും ചെയ്തതോടെ, സര്‍ക്കാര്‍ വൈകാതെ തന്നെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ നിലവിലെ ജനപ്രീതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും അധികാരം പിടിക്കാന്‍ ഭരണകക്ഷികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വന്നാലും നേരിടാന്‍ ഭയമില്ലെന്ന സന്ദേശമാണ് മക്‌ഡൊണാള്‍ഡ് നല്‍കുന്നത്.

2025 ആദ്യം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായിരുന്നു സര്‍ക്കാരിന്റെ നേരത്തെയുള്ള തീരുമാനം. നിലവിലെ സാഹചര്യത്തില്‍ നിന്നും നേട്ടം കൊയ്യാന്‍ മുതിരാതെ, നേരത്തെ തീരുമാനിച്ചത് പോലെതന്നെ തെരഞ്ഞെടുപ്പ് വൈകി നടത്തുന്നത് പ്രധാനമന്ത്രി Sinn Fein-ന് ചെയ്തുനല്‍കുന്ന ഉപകാരമാകുമോ എന്ന ചോദ്യത്തിനാണ് നേരത്തെ തെരഞ്ഞെടുപ്പ് നടത്തുന്നത് നല്ലതാണെന്ന് മക്‌ഡൊണാള്‍ഡ് ഉത്തരം നല്‍കിയത്. പറ്റുന്നത്രയും നേരത്തെ തന്നെ തെരഞ്ഞെടുപ്പ് വരണമെന്നും, രാജ്യത്ത് ഭരണമാറ്റം ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ലോക്കല്‍ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് മക്‌ഡൊണാള്‍ഡ് ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിനെപ്പറ്റി പാര്‍ട്ടിക്കുള്ളില്‍ പരിശോധന നടത്തുകയും ചെയ്യും. മോശം പ്രകടനമായിരുന്നെങ്കിലും Sinn Fein നേതാവായി മേരി ലൂ മക്‌ഡൊണാള്‍ഡ് തന്നെ തുടരും. പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിക്ക് ഭയമില്ലെന്ന് Sinn Fein വക്താവ് Matt Carthy-യും പ്രതികരിച്ചിരുന്നു.

അതേസമയം ലോക്കല്‍ തെരഞ്ഞെടുപ്പിലെ ആകെയുള്ള 949 സീറ്റുകളില്‍ 946 എണ്ണത്തിലെ ഫലവും പുറത്തുവന്നപ്പോള്‍ Sinn Fein-ന് 102 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. 2019-ലെ 81 സീറ്റുകളില്‍ നിന്നും ഉയര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടം പാര്‍ട്ടിക്ക് ഉണ്ടായില്ല. മറുവശത്ത് Fine Gael 245, Fianna Fail 246 സീറ്റുകളുമായി തിളങ്ങുന്ന വിജയം സ്വന്തമാക്കുകയും ചെയ്തു.

ഇതിനിടെ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 14-ല്‍ 5 സീറ്റുകളില്‍ വിജയികളായി. Fianna Fail 1, Sinn Fein 1, Fine Gael 2, ലേബര്‍ പാര്‍ട്ടി 1 എന്നിങ്ങനെയാണ് ഏറ്റവും പുതിയ സീറ്റ് നില.

Share this news

Leave a Reply

%d bloggers like this: