അയര്‍ലണ്ടിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ കിതയ്ക്കുമ്പോഴും പ്രതിപക്ഷമായ Sinn Fein, സോഷ്യല്‍ മീഡിയ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുന്നില്‍ തന്നെ. 1,026,926 പേരാണ് വിവിധ സോഷ്യല്‍ മീഡിയിലായി പാര്‍ട്ടിയെ പിന്തുടരുന്നത്. ലേബര്‍ പാര്‍ട്ടി 162,087, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 161,035 എന്നിങ്ങനെ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇക്കാര്യത്തില്‍ Sinn Fein. മറുവശത്ത് സര്‍ക്കാര്‍ കക്ഷികളുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണം ഇപ്രകാരമാണ്: Fine Gael 134,927, Fianna Fáil 123,626, Green Party 75,013.
അതേസമയം രാജ്യത്ത് ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ നേതാവ് പുതിയ പ്രധാനമന്ത്രിയും, Fine Gael നേതാവുമായ സൈമണ്‍ ഹാരിസ് ആണ്. 680,353 ഫോളോവേഴ്‌സ് ആണ് അദ്ദേഹത്തിനുള്ളത്. Sinn Fein നേതാവായ മേരി ലൂ മക്ഡൊണാള്‍ഡ് 462,900 ഫോളോവേഴ്സുമായി ഹാരിസിന് തൊട്ടു പിന്നിലുണ്ട്.
Facebook, Twitter, Instagram, TikTok, YouTube, Linkedin, Threads എന്നിവയിലെ ഫോളോവേഴ്‌സ്, സബ്‌സ്‌ക്രൈബേഴ്സ് എന്നിവരെയാണ് പഠനം നടത്തിയ Mulley Communications പരിഗണിച്ചത്.
പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡിയായ Richard Boyd Barrett 296,700, ഉപപ്രധാനമന്ത്രിയും Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍ 396,700, ഗ്രീന്‍ പാര്‍ട്ടി നേതാവും ഗതാഗതമന്ത്രിയുമായ ഈമണ്‍ റയാന്‍ 82,236, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് നേതാവ് Holly Cairns 140,810, ലേബര്‍ പാര്‍ട്ടി നേതാവ് Ivana Bacik 41,607 എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് പ്രമുഖ രാഷ്ട്രീയനേതാക്കളുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണം.
2020-ലെ പൊതുതെരഞ്ഞെടുപ്പില്‍ വമ്പന്‍ നേട്ടം കൊയ്ത Sinn Fein-നെ അതിന് സഹായിച്ച വലിയൊരു ഘടകം സോഷ്യല്‍ മീഡിയയിലെ സജീവസാന്നിദ്ധ്യമാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. അതുപോലെ ടിക്‌ടോക്കില്‍ സജീവമായ സൈമണ്‍ ഹാരിസിന് ‘ടിക്‌ടോക് പ്രധാനമന്ത്രി’ എന്ന കളിയാക്കല്‍ നേരിടേണ്ടി വന്നെങ്കിലും ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗം സഹായിച്ചുവെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം ഇത്തവണത്തെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം സാധിക്കാതെ വന്ന Sinn Fein, വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിന് ശ്രമിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കരുതുന്നത്.