സെന്റ് തോമസ് ദിനമായ ജൂലൈ 3 മുതല്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാത്ത വൈദികരെ സഭയില്‍ നിന്നും സ്വയം പുറത്തുപോയവരായി കണക്കാക്കുമെന്ന് സിറോ മലബാര്‍ സഭ. ഏകീകൃത കുര്‍ബ്ബാന സംബന്ധിച്ച് വത്തിക്കാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ജൂലൈ 3 മുതല്‍ എറണാകുളം അതിരൂപതയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഭാ കോടതികള്‍ അടക്കമുള്ളവ സ്ഥാപിക്കുമെന്നും ആര്‍ച്ച് ബിഷപ്പും, അപ്പോസ്തലിക് അഡ്മിന്‌സ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കുലര്‍ അനുസരിക്കാത്തപക്ഷം പുറത്തുപോയതായി കണക്കാക്കപ്പെടുന്ന വൈദികരെ മറ്റ് സഭാ കര്‍മ്മങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്കും. ഇവര്‍ നടത്തുന്ന വിവാഹം അടക്കമുള്ളവയ്ക്ക് സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും, ഈ വൈദികര്‍ അര്‍പ്പിക്കുന്ന കര്‍മ്മങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ഏതാനും വൈദികരും അല്‍മായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവുമായ കടുംപിടുത്തവും, ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചാരണങ്ങളുമാണ് സഭയിലെ കുര്‍ബ്ബാന തര്‍ക്കം ഇത്രമാത്രം സങ്കീര്‍ണമാക്കിയതെന്നും, സഭാ അധികാരികളെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാസഭാ കൂട്ടായ്മയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കിയിട്ടുണ്ട്.