അയര്‍ലണ്ടിന്റെ പ്രാദേശിക സമ്പദ് വ്യവസ്ഥ 1.4% വളര്‍ച്ച പ്രാപിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO). ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കാണിത്. അതിന് മുമ്പുള്ള മൂന്ന് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ (2023 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഉണ്ടായിരിക്കുന്ന ഈ വര്‍ദ്ധന, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംഭവിക്കുന്ന ഏറ്റവും വലിയ പാദാനുപാദ വളര്‍ച്ചയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ എണ്ണം വളരെയധികമാണ് എന്നതിനാല്‍ gross domestic product (GDP) വച്ച് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കൃത്യമായി മനസിലാക്കാന്‍ സാധിക്കില്ല. പകരം modified domestic demand (MDD) ആണ് സാമ്പത്തികവിദഗ്ദ്ധര്‍ ഇതിനായി ഉപയോഗിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ MDD 1.1% വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം 2024-ല്‍ MDD 1.9 ശതമാനവും, 2025-ല്‍ 2.3 ശതമാനവും വളര്‍ച്ച നേടുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രവചിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വെറും 0.5% ആയിരുന്നു വളര്‍ച്ച.
അയര്‍ലണ്ടിന്റെ യൂറോസോണിലെ വളര്‍ച്ച കണക്കാക്കാനായി ഉപയോഗിക്കുന്ന GDP, ഈ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 0.9% വളര്‍ച്ച നേടുകയും ചെയ്തിട്ടുണ്ട് (2023-ലെ അവസാന പാദത്തെ അപേക്ഷിച്ച്). ഈ വര്‍ഷം GDP-ക്ക് 2.6 ശതമാനവും, 2025-ല്‍ 3.9 ശതമാനവും വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3.2% ഇടിവായിരുന്നു GDP-യുടെ കാര്യത്തില്‍ സംഭവിച്ചത്.