ഡബ്ലിനിലെ Talbot Street ഇനി സ്മാർട്ടാവും; ജൂൺ 10 മുതൽ ആരംഭിക്കുന്നത് 2.5 മില്യന്റെ നവീകരണ പ്രവൃത്തികൾ

മുഖംമിനുക്കി സ്മാര്‍ട്ടാവാന്‍ ഡബ്ലിനിലെ Talbot Street. 2.5 മില്യണ്‍ യൂറോ ചെലവഴിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നടത്തുന്ന നവീകരണ പദ്ധതി Talbot Street-ല്‍ ജൂണ്‍ 10-ന് ആരംഭിക്കും. 20 ആഴ്ചകള്‍ കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കും. നവീകരണജോലികള്‍ നടക്കുന്ന സമയം വാഹനങ്ങള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും നിയന്ത്രണമുണ്ടാകുമെന്ന് കൗണ്‍സില്‍ അറിയിച്ചു.

Connolly Station, Busáras അടക്കം നിരവധി ചരിത്രപ്രധാനമായ സ്ഥാപനങ്ങളും, ഗതാഗതസൗകര്യങ്ങളും പ്രവര്‍ത്തിക്കുന്ന ഇടമാണ് Talbot Street എന്നും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പലതരം വെല്ലുവിളികളിലൂടെയാണ് പ്രദേശം കടന്നുപോകുന്നതെന്നും കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഇവയ്ക്ക് പരിഹാരം കാണുകയാണ് നവീകരണപദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

സ്ട്രീറ്റിലെ ഫുട്പാത്ത്, കാര്യേജ് വേയുടെ ഒരു ഭാഗം എന്നിവ പുതുക്കിപ്പണിയല്‍, തെരുവുവിളക്കുകള്‍ പുതുക്കി സ്ഥാപിക്കുക, തെരുവില്‍ കൂടുതല്‍ ചെടികള്‍ നടുകയും, ലാന്‍ഡ്‌സ്‌കേപ്പിങ് നവീകരിക്കുകയും ചെയ്യുക മുതലായ പ്രവൃത്തികളാണ് നടത്തുന്നത്. കടകളുടെ മുന്‍വശം മെച്ചപ്പെടുത്തുക, ഇവന്റ്‌സ് പ്രോഗ്രാം നടത്തുക, സ്ട്രീറ്റ് ആര്‍ട്ട് മുതലായവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നഗരത്തിലെ വിവിധ സ്ട്രീറ്റുകള്‍ നവീകരിക്കുന്നതിനുള്ള കൗണ്‍സിലിന്റെ പഞ്ചവത്സരപദ്ധതിയുടെ ഭാഗമായാണ് ഈ പ്രവൃത്തികള്‍. Talbot Street-ന് പുറമെ Cathal Brugha Street, North Earl Street, Parnell Square, Markets area, Halston Street Park എന്നിവിടങ്ങളിലും പദ്ധതി പ്രകാരം പുതുക്കിപ്പണിയലുകള്‍ നടക്കും.

Share this news

Leave a Reply

%d bloggers like this: