അയർലണ്ടുകാർ ഇനി ദാഹിച്ച് തളരില്ല; രാജ്യത്ത് ഉടനീളം പബ്ലിക് വാട്ടർ ഫൗണ്ടനുകൾ സ്ഥാപിക്കുന്നു

അയര്‍ലണ്ടിലുനീളം പൊതു ഇടങ്ങളില്‍ കുടിവെള്ള ഫൗണ്ടനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ ലൈബ്രറികളിലും, പിന്നീട് ബീച്ചുകള്‍, പാര്‍ക്കുകള്‍, ഗ്രീന്‍വേകള്‍ മുതലായ ഇടങ്ങളിലുമാണ് സൗജന്യമായി ശുദ്ധജലം ലഭ്യമാകുന്ന ഫൗണ്ടനുകള്‍ സ്ഥാപിക്കുക. പദ്ധതിയുടെ ആദ്യഘട്ടം ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകും.

കുടിവെള്ളം വില്‍ക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കുക, പൊതുജനത്തിന് ശുദ്ധജലം ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് മന്ത്രിമാരായ Ossian Smyth, Darragh O’Brien എന്നിവര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്റെ Drinking Water Directive പ്രകാരം പൊതുജനത്തിന് എല്ലായിടത്തും എളുപ്പത്തില്‍ ലഭിക്കാവുന്ന തരത്തില്‍ കുടിവെള്ളം ലഭ്യമാക്കണം എന്ന നിര്‍ദ്ദേശവും കണക്കിലെടുത്താണ് പദ്ധതി രൂപകല്‍പ്പന. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ വിവിധയിടങ്ങളിലായി 350 ഫൗണ്ടനുകളാണ് പദ്ധതി വഴി സ്ഥാപിക്കുക. 2 മില്യണ്‍ യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന 5 മില്യണ്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഡ്രിങ്കുകളാണ് ദിവസേന രാജ്യത്ത് ഉപയോഗിക്കപ്പെടുന്നതെന്ന് മന്ത്രി Ossian Smyth പറഞ്ഞു. ഇവ വഴിയരികിലും, ജനസംഭരണികളിലും, ബീച്ചുകളിലും ഉപേക്ഷിക്കപ്പെടുന്ന സ്ഥിതിയുമുണ്ട്.

Share this news

Leave a Reply

%d bloggers like this: