അയർലണ്ടിൽ ചിക്കൻപോക്സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 126% വർദ്ധിച്ചു

അയര്‍ലണ്ടില്‍ ചിക്കന്‍പോക്‌സ് ബാധയെ തുടര്‍ന്ന് രോഗികള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവരുന്നത് 126% വര്‍ദ്ധിച്ചു. Health Protection Surveillance Centre-ന്റെ Infectious Disease Notifications റിപ്പോര്‍ട്ടിലാണ് 2023-ല്‍ രോഗബാധകാരണം കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായുള്ള കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിക്കന്‍ ബോക്‌സ് ബാധിച്ച 75 പേരെയായിരുന്നു 2022-ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നതെങ്കില്‍ 2023-ല്‍ അത് 170 ആയി ഉയര്‍ന്നു.

അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും ശരാശരി 58,000 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിക്കുന്നതായും, ഓരോ 250 പേരിലും ഒരാള്‍ വീതം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതായുമാണ് കണക്ക്.

അതിവേഗം പകരുന്ന രോഗമായ ചിക്കന്‍പോക്‌സിന് കാരണമാകുന്നത് varicella-zoster (VZV) എന്ന് പേരായ വൈറസ് ആണ്. ദേഹത്താകെ ചൊറിച്ചിലും, ചുവന്ന തിണര്‍പ്പുകളും ഉണ്ടാകുന്ന രോഗാവസ്ഥ പൊതുവെ സാരമുള്ളതല്ലെങ്കിലും, കുഞ്ഞുങ്ങള്‍, കൗമാരക്കാര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം.

യൂറോപ്പില്‍ വിവിധയിടങ്ങളിലായി മീസില്‍സ് പോലുള്ള പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍, അയര്‍ലണ്ടില്‍ ചിക്കന്‍പോക്‌സ് ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് വര്‍ദ്ധിച്ചതായുള്ള വിവരം ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചിക്കന്‍പോക്‌സിനെയും ഗൗരവമായി തന്നെ കാണണം എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: