എൺപതുകളിലെ മധ്യത്തിൽ ജനിച്ച പെൺകുട്ടികൾ വായിച്ചു തുടങ്ങിയ സമയത്ത് അവരുടെ മനം കവർന്ന ഒരു സ്ത്രീയുണ്ട്. നിറയെ സ്വർണ്ണമണിഞ്ഞ്, അലസമായി സാരിയുടുത്ത്, വള്ളുവനാടൻ രീതിയിൽ സംസാരിച്ച് അവരുടെ മനസ്സിലേക്ക് ക്രാഷ് ലാൻഡ് ചെയ്ത ഒരു സ്ത്രീ. ധൈര്യത്തിന്റെയും താൻപോരിമയുടെയും രാജ്ഞി. എക്കാലത്തെയും ആത്മകഥയെ വെല്ലുവിളിക്കുന്ന ഫിക്ഷൻ ആയി മാറിയ ‘എന്റെ കഥ’. മൾട്ടിപ്പിൾ റിലേഷനുകളിൽ ഇത് വരെ കാണാത്ത സൗന്ദര്യം അവർ പകർത്തി വെച്ചു. പറഞ്ഞു വരുന്നത് അക്ഷര തറവാട്ടിൽ നിന്ന് അനായാസമായി മലയാള സാഹിത്യ വേദിയിലേയ്ക്ക് കയറി ഇരുന്ന നമ്മുടെ മാധവിക്കുട്ടിയെക്കുറിച്ചാണ്. എന്നാൽ പിന്നീട് എഴുതി തുടങ്ങിയപ്പോൾ പാരമ്പര്യങ്ങളെ കാറ്റിൽ പറത്താനായിരുന്നു മാധവിക്കുട്ടിയ്ക്ക് ഇഷ്ടം. തന്റെ തറവാടും കാവും കുളവും അമ്മൂമ്മയും നീർമാതളവും അവർ വായനക്കാരുടെ മനസ്സിലേക്ക് പടർത്തി വിട്ടു. യാഥാർഥ്യമാണോ കെട്ടു കഥകളാണോ എന്നറിയാതെ മലയാളി നന്നായി തന്നെ ആ കഥകൾ ആഘോഷിച്ചു.
ഒരു പിറന്നാൾ ദിനത്തിലാണ് പുന്നയൂർ കുളം കാണണമെന്ന് തോന്നിയത്. പക്ഷെ സത്യത്തിൽ നിരാശപ്പെടുത്തി. നവീകരിച്ച വീട്, വെട്ടി മുറിച്ചു കളഞ്ഞ കുളം, പൂക്കാത്ത നീർമാതളം. പ്രണയത്തിന്റെ പ്രിയ തോഴിയുടെ ഒരു പാട് അവാർഡ്‌സ്, ഉപയോഗിച്ച സിസ്റ്റം, കുറേ ഫർണീച്ചർ അങ്ങിനെ അങ്ങിനെ എന്തൊക്കൊയോ കൂട്ടിവെച്ചിട്ടുണ്ട്. മുകളിലത്തെ നിലയിൽ കുറേ നേരം ഇരുന്നു, കഥകൾ ഉറങ്ങിക്കിടന്ന ആ കാറ്റിന്റെ വശ്യത അനുഭവിക്കാൻ. പോകാൻ നേരം ഒരു മാമ്പഴം വീണു കിടക്കുന്നത് കണ്ടു. മുഴുവൻ കിളി കൊത്തുകയാണെന്ന് കാവൽക്കാരന്റെ പരാതി. അതങ്ങിനെയല്ലേ വരൂ.
വരുന്ന വഴിയിൽ അമ്പാഴത്ത് തറവാട് കണ്ടു. ഏതൊക്കൊയോ കേസിൽ പെട്ടു കിടക്കുന്നത് കൊണ്ടുമാത്രം അതങ്ങിനെ തന്നെ നിൽക്കുന്നു. ജീർണ്ണിച്ച അവസ്ഥയിലാണെങ്കിലും പ്രതാപം ഒട്ടും കുറയാതെ.
എവിടെ നിന്നോ ഒരാൺമയിൽ ഓടി വന്നു. കമലയെ സമ്മതം എന്ന് പറയിപ്പിച്ച ദാസേട്ടന്റെ മുഖം പെട്ടെന്ന് ഓർമ്മയിൽ വന്നു. പതിയെ പടിയിറങ്ങി. ഞാൻ വായിച്ച മാധവിക്കുട്ടി എന്നോടൊപ്പം കൂടെ പോന്നിട്ടുണ്ടാവാം