ലിമറിക്കിൽ നായയുടെ ആക്രമണത്തിൽ യുവതി മരിച്ചു

ലിമറിക്കില്‍ നായയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചൊവ്വാഴ്ച രാത്രി 11.40-ഓടെ Ballyneety-യിലുള്ള വീട്ടില്‍ വച്ചാണ് സംഭവം. വിവരമറിഞ്ഞെത്തിയ എമര്‍ജന്‍സി സര്‍വീസ് ആക്രമണത്തില്‍ പരിക്കേറ്റ 23-കാരിയെയാണ് കണ്ടത്. എന്നാല്‍ ഇവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

യുവതിയുടെ മൃതദേഹം ലിമറിക്കിലെ Mid Western Regional Hospital-ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് സംസ്‌കരിക്കുക.

അതേസമയം ഏത് ഇനത്തില്‍ പെട്ട നായാണ് യുവതിയെ ആക്രമിച്ചത് എന്ന് വ്യക്തമല്ല. ഈ നായയെ പിടികൂടി കൊന്നതായി ഗാര്‍ഡ അറിയിച്ചു. പ്രദേശത്ത് നിന്നും വേറെയും ഏതാനും നായ്ക്കളെ പിടികൂടിയിട്ടുമുണ്ട്.

സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ റൂറല്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്, രാജ്യത്ത് നായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധിച്ചുവരികയാണെന്ന് അറിയിച്ചു.

മറ്റൊരു സംഭവത്തില്‍ മെയ് 29-ന് ലിമറിക്കില്‍ വച്ചുതന്നെ ഒമ്പത് വയസുകാരനെ മറ്റൊരു നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ലിമറിക്ക് സിറ്റിയില്‍ വച്ചായിരുന്നു ആക്രമണം. ഇതെത്തുടര്‍ന്ന് ഗാര്‍ഡ മുന്നറിയിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. നിയമപരമായി വളര്‍ത്താന്‍ അനുമതിയുള്ള നായ്ക്കള്‍ മാത്രമാണ് വീട്ടിലുള്ളതെന്ന് ഉറപ്പ് വരുത്തണമെന്നും, നിങ്ങളുടെ നായ ഏതിനത്തില്‍ പെട്ടതാണെന്ന് അറിയാന്‍ Dogs.ie എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും Henry Street Garda Station മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: