യാത്രക്കാരന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബെല്‍ജിയത്തില്‍ നിന്നും യുഎസിലേയ്ക്ക് പോകുകയായിരുന്ന വിമാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ചുവിട്ട് അടിയന്തര ലാന്‍ഡിങ് നടത്തി. ബ്രസ്സല്‍സില്‍ നിന്നും ന്യൂ ആര്‍ക്കിലേയ്ക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ UAL988 വിമാനമാണ് തിങ്കളാഴ്ച ഉച്ചയോടെ ഡബ്ലിനിലിറക്കിയത്.
വിമാനത്തിലെ ഒരു യാത്രക്കാരന് പകര്‍ച്ചവ്യാധി ബാധിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് നടത്തിയ ലാന്‍ഡിങ്ങിന് ശേഷം ആരോഗ്യവകുപ്പിന്റെ സേവനവും എയര്‍പോര്‍ട്ടില്‍ ലഭ്യമാക്കി. ആഫ്രിക്കയിലെ സഞ്ചാരത്തിന് ശേഷമാണ് പ്രസ്തുത യാത്രക്കാരന്‍ ഈ വിമാനത്തില്‍ കയറിയതെന്നാണ് വിവരം.
അതേസമയം വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ മറ്റൊരു യാത്രക്കാരന്‍ കാരണം കൂടിയാണ് അടിയന്തര ലാന്‍ഡിങ് നടത്താന്‍ ക്രൂ നിര്‍ബന്ധിതരായത്.
അപ്രതീക്ഷിത ലാന്‍ഡിങ് എയര്‍പോര്‍ട്ടിലെ മറ്റ് വിമാനസര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.