രണ്ട് വയസുകാരന് ചികിത്സാ സഹായമെത്തിക്കാൻ സ്വന്തം ഛായാചിത്രം വിൽക്കാൻ സമ്മതം മൂളി അയർലണ്ടിലെ അധോലോക നായകൻ ജെറി ഹച്ച്

അപൂര്‍വ്വരോഗം ബാധിച്ച രണ്ട് വയസുകാരന് സഹായമെത്തിക്കാന്‍ തന്റെ ഛായാചിത്രം ടിക്കറ്റ് വിൽപ്പന വഴി സമ്മാനമായി നൽകാൻ അനുമതി നല്‍കി അയര്‍ലണ്ടിലെ മാഫിയ തലവനായ ജെറി ‘ദി മങ്ക്’ ഹച്ച്. കൗണ്ടി കെറിയിലെ Listowel സ്വദേശിയായ Axel Horgan എന്ന രണ്ട് വയസുകാരനാണ് കാലിന്റെ ചലനത്തെ ബാധിക്കുന്ന ക്ലോവ്‌സ് എന്ന അസുഖവുമായി കഷ്ടപ്പെടുന്നത്. Axel-ന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാനാണ് ഈ വ്യത്യസ്തമായ ധനസമാഹരണ പദ്ധതി. ലോകമെങ്ങുമായി 200-ല്‍ താഴെ പേര്‍ക്ക് മാത്രമേ ഈ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ. Crumlin Children’s Hospital-ലും, ഫ്രാന്‍സിലെ പാരിസില്‍ വിദഗ്ദ്ധ ചികിത്സയ്ക്കുമായി നിരന്തരം വലിയ തുകയാണ് കുട്ടിയുടെ കുടുംബത്തിന് കണ്ടെത്തേണ്ടിവരുന്നത്.

Tralee സ്വദേശിയായ കലാകാരന്‍ Mike O’Donnell ആണ് ജെറി ഹച്ചിന്റെ ചിത്രങ്ങള്‍ വരച്ചത്. എതിര്‍ ഗ്യാങ്ങായ കിനഹാന്‍ സംഘത്തിലെ ഡേവിഡ് ബൈറനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2022-ല്‍ നടന്ന കോടതി വിചാരണ വേളയിലും, പിന്നീട് ഹച്ചിന്റെ അനുവാദത്തോടെ വീട്ടില്‍ വച്ചുമായിരുന്നു O’Donnell ചിത്രങ്ങള്‍ വരച്ചത്. അതിലൊന്ന് Axel-ന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാനായി ടിക്കറ്റ് വച്ച് വിൽപ്പന നടത്തിക്കോട്ടെ എന്ന് O’Donnell ചോദിക്കുകയും, ഹച്ച് സന്തോഷത്തോടെ സമ്മതം മൂളുകയുമായിരുന്നു എന്ന് ചിത്രകാരന്‍ പറയുന്നു. താടി നീട്ടിവളര്‍ത്തിയ ജെറി ഹച്ച് കോടതി വിടുന്നതിന്റെ ചിത്രമാണ് 10 യൂറോ നിരക്കുള്ള ടിക്കറ്റ് നിരക്കിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. നറുക്കെടുക്കുന്ന ടിക്കറ്റിന്റെ ഉടമയ്ക്ക് ചിത്രം സമ്മാനമായി ലഭിക്കും.

2022-ല്‍ ജനിച്ച Axel-ന് രോഗം കാരണം സാധാരണക്കാരെ പോലെ ഭക്ഷണം കഴിക്കാനോ, വെള്ളം കുടിക്കാനോ, ടോയ്‌ലറ്റില്‍ പോകാനോ സാധിക്കില്ല. പലവട്ടം കാലുകള്‍ക്ക് ഓപ്പറേഷന്‍ ചെയ്യുകയും, നിലവില്‍ രണ്ട് കാലുകള്‍ക്കുമായി ആംപ്യൂട്ടേഷന്‍ സര്‍ജറി നടത്താനിരിക്കുകയുമാണ് ഈ രണ്ട് വയസുകാരന്‍. തങ്ങളാലാവും വിധം Axel-നെ സാധാരണജീവിതത്തിലേയ്ക്ക് എത്തിക്കാന്‍ പ്രയത്‌നിക്കുകയാണ് മാതാപിതാക്കളായ എഡ്ഡിയും സാറയും.

അതേസമയം Axel-ന് സഹായം വാഗ്ദാനം ചെയ്ത് പ്രശസ്ത മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫൈറ്ററായ Conor McGregor, റഗ്ബി താരം Johnny Sexton, യു.കെയിലെ ടെലിവിഷന്‍ അവതാരകനായ Jonathan Ross എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.

Axel-നായി ആരംഭിച്ച GoFundMe കാംപെയ്ന്‍ ഇതുവരെ 20,000 യൂറോ സമാഹരിച്ചിട്ടുണ്ട്. ധനസമാഹരണത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം: https://www.gofundme.com/f/support-axel-in-his-fight-against-cloves

ഹച്ച് ചിത്രത്തിന്റെ സമ്മാനപദ്ധതിയിൽ പങ്കെടുക്കാന്‍: https://www.idonate.ie/raffle/ArtforAxel

Share this news

Leave a Reply

%d bloggers like this: