ഇക്കഴിഞ്ഞ പൊതുഅവധിയോടു കൂടിയ വാരാന്ത്യത്തില്‍ അയര്‍ലണ്ടില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടത് 137 പേര്‍. രാജ്യമെമ്പാടുമായി വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 7 വരെയാണ് ഗാര്‍ഡ പ്രത്യേക ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ച് റോഡ് സുരക്ഷാ വാരാന്ത്യ പരിശോധനകള്‍ നടത്തിയത്.
രാജ്യത്തെ റോഡപകട മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളാണ് ഗാര്‍ഡ കൈക്കൊണ്ടു വരുന്നത്. ഇതിന്റെ ഭാഗമായി റോഡപകടങ്ങളില്‍ പെടുന്ന എല്ലാവര്‍ക്കും മയക്കുമരുന്ന് പരിശോധന കര്‍ശനമാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.
‘ഒരിക്കലും വീട്ടില്‍ എത്താതിരിക്കുന്നതിനെക്കാള്‍ നല്ലതാണ് ഒരിത്തിരി വൈകി, സുരക്ഷിതമായി എത്തുന്നത്’- റോഡിലെ പരിശോധനകള്‍ സംബന്ധിച്ച് പ്രതികരിക്കവെ ഗാര്‍ഡ സൂപ്രണ്ട് Liam Geraghty പറഞ്ഞു.
‘വേഗപരിധി അനുസരിച്ച് വാഹനമോടിക്കുന്നവരോട് പോലും വേഗത വീണ്ടും കുറച്ചും, നിയന്ത്രിച്ചും ഡ്രൈവ് ചെയ്യാനാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.