ചരിത്രത്തിലാദ്യമായി അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം 14,000 കടന്നു. ഏപ്രില്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാരിന്റെ എമര്‍ജന്‍സി ഹോംലെസ്സ് അക്കോമഡേഷനില്‍ താമസിക്കാനെത്തിയവരുടെ എണ്ണം 14,009 ആണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിങ്ങിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള കണക്കുകളാണ് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നലെ പുറത്തുവിട്ടത്.
മാര്‍ച്ച് മാസത്തെ ഭവനരഹിതരെക്കാള്‍ 143 പേര്‍ അധികമാണ് ഏപ്രിലില്‍ ഉണ്ടായിട്ടുള്ളത്. 2022 ഏപ്രില്‍ മാസത്തെക്കാള്‍ 14% അധികവുമാണിത്. രാജ്യത്തെ ആകെ 1,996 കുടുംബങ്ങളാണ് ഭവനരഹിതരായി കണക്കാക്കപ്പെട്ടിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ 16% ആണ് വര്‍ദ്ധന.
ഭവനരഹിതരായ കുട്ടികളുടെ എണ്ണവും റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. 4,206 കുട്ടികളാണ് രാജ്യത്ത് തലചായ്ക്കാന്‍ ഒരിടമില്ലാത്തവരായി ഉള്ളത്. 17% ആണ് ഒരു വര്‍ഷത്തിനിടെയുള്ള വര്‍ദ്ധന. ഏപ്രിലിലെ ആകെ ഭവനരഹിതരില്‍ 6,000-ലധികം പേര്‍ പുരുഷന്മാരും, 3,777 പേര്‍ സ്ത്രീകളും ആണ്. ഭവനരഹിതരില്‍ പകുതിയും 25-44 പ്രായക്കാരുമാണ്.
രാജ്യത്തെ ഭവനരഹിതരുടെ എണ്ണം റെക്കോര്‍ഡിലെത്തിയതിന് പിന്നാലെ അധികൃതര്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുയരുകയാണ്. ഈ സാഹചര്യത്തെ ‘ലജ്ജാവഹം’ എന്നാണ് ഭവനരഹിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ Simon Communities of Ireland വിശേഷിപ്പിച്ചത്. വീടില്ലായ്മ എന്നത് പരിഹരിക്കാവുന്ന പ്രശ്‌നമാണെന്ന് തങ്ങള്‍ പലവട്ടം ചൂണ്ടിക്കാട്ടിയതാണെന്ന് മറ്റൊരു സംഘടനയായ Focus Ireland-ഉം പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ഹൗസിങ് കമ്മിഷന്‍ വ്യക്തമായി റിപ്പോര്‍ട്ട് നല്‍കിയിട്ടും, സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് Focus Ireland വിമര്‍ശനമുയര്‍ത്തി.