വൻവിജയമായി അയർലണ്ടിലെ ഡെപ്പോസിറ്റ് റിട്ടേൺ പദ്ധതി; ഉപയോഗശേഷം ഇതുവരെ തിരികെയെത്തിയത് 150 മില്യൺ കുപ്പികൾ

അയര്‍ലണ്ടില്‍ ഫെബ്രുവരി 1-ന് ആരംഭിച്ച ഡെപ്പോസിറ്റ് റിട്ടേണ്‍ പദ്ധതി പ്രകാരം പുനരുപയോഗത്തിനായി ലഭിച്ച കുപ്പികളുടെ എണ്ണം 150 മില്യണോട് അടുക്കുന്നു. ഇതില്‍ 75 മില്യണ്‍ കുപ്പികളും ലഭിച്ചത് മെയ് മാസത്തില്‍ മാത്രമായാണ്.

ആദ്യ മാസങ്ങളില്‍ വലിയ രീതിയില്‍ വിജയം കണ്ടില്ലെങ്കിലും മെയ് മാസത്തില്‍ ദിവസേന ശരാശരി 2 മില്യണ്‍ കുപ്പികള്‍ വീതമാണ് ജനങ്ങള്‍ തിരികെയെത്തിച്ചത്.

മെയ് വരെയുള്ള ആദ്യ നാല് മാസങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയ ശേഷം, ഇന്നുമുതല്‍ ‘Re-turn’ ലോഗോ പതിച്ച കുപ്പികള്‍ മാത്രമേ നിയമപരമായി ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ പാടുള്ളൂ. പുനരുപയോഗിക്കാവുന്ന എല്ലാ കുപ്പികളിലും ഈ ലോഗോ പതിപ്പിക്കാന്‍ വേണ്ടിയാണ് നാല് മാസത്തെ സമയം നല്‍കിയിരുന്നത്.

എന്താണ് ഡെപ്പോസിറ്റ് റിട്ടേൺ പദ്ധതി?

ഫെബ്രുവരി 1-ന് ആരംഭിച്ച പദ്ധതി പ്രകാരം 500 മില്ലി ലിറ്റര്‍ വരെയുള്ള പ്ലാസ്റ്റിക്, അലുമിനിയം, സ്റ്റീല്‍ മുതലായ ബോട്ടിലുകള്‍ക്കും കാനുകള്‍ക്കും 15 സെന്റ് അധികമായി ഈടാക്കും. 500 മില്ലി ലിറ്ററിന് മുകളില്‍ ആണെങ്കില്‍ 25 സെന്റ്. അധിക തുക ഈടാക്കി വില്‍ക്കപ്പെടുന്ന ഈ ബോട്ടിലുകള്‍ക്ക് മുകളില്‍ Re-turn-ന്റെ ലോഗോ പതിപ്പിച്ചിട്ടുണ്ടാകും.

ഈ ലോഗോ ഉള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഏതൊരു റീട്ടെയില്‍ വ്യാപാരിയുടെ അടുത്തും ഇവ ഉപയോഗിച്ച ശേഷം തിരികെ നല്‍കുകയാണെങ്കില്‍, അധികമായി നല്‍കിയ തുക വ്യാപാരി നേരിട്ട് തിരികെ നല്‍കുന്നതാണ്. ഇതല്ലാതെ സ്ഥാപനത്തില്‍ സ്ഥാപിച്ചിട്ടുള്ള വെന്‍ഡിങ് മെഷീനില്‍ കുപ്പി നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന വൗച്ചര്‍ ഉപയോഗിച്ച് അതേ സ്ഥാപനത്തില്‍ നിന്ന് തന്നെ തുക തിരികെ ലഭിക്കുകയും ചെയ്യും. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ഇത്തരം മെഷീനുകള്‍ പൊതുവെ ഉണ്ടാകുക.

തിരികെ നല്‍കുന്ന കുപ്പികള്‍ കേടുപാടുകള്‍ ഉള്ളവയായിരിക്കരുതെന്നും, അവയിലെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് തീര്‍ത്തതായിരിക്കണമെന്നും Re-turn ജനങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. കഴിവതും കുപ്പി അതിന്റെ ക്യാപ്പ് അടക്കം തിരികെ നല്‍കാന്‍ ശ്രമിക്കണമെന്നും അധിതൃർ അഭ്യര്‍ത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: