ഡബ്ലിന്‍ നഗരത്തിലെ ഗ്രാന്‍ഡ് കനാലിന് ചുറ്റുമായി തമ്പടിച്ച നിരവധി അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതിനായി സ്ഥലം മാറ്റി. ഇന്ന് രാവിലെ 7 മണിയോടെ ആരംഭിച്ച നടപടിയിലൂടെ ഇവരെ താല്‍ക്കാലിക ക്യാംപിലേയ്ക്കാണ് മാറ്റിയത്. നടപടികള്‍ക്ക് സഹായം നല്‍കാന്‍ ഗാര്‍ഡയും എത്തിയിരുന്നു. ആരോഗ്യവകുപ്പ് അധികൃതരും, വാട്ടര്‍വേയ്‌സ് അയര്‍ലണ്ട് അധികൃതരും സ്ഥലത്ത് സന്നിഹിതരായി. ഏകദേശം 80 ടെന്റുകളാണ് ഗ്രാന്‍ഡ് കലനാലിന് സമീപത്ത് നിന്നുമായി നീക്കം ചെയ്തത്.
അഭയാര്‍ത്ഥികള്‍ കൂട്ടമായി ഗ്രാന്‍ഡ് കനാലിന് ചുറ്റും ടെന്റടിച്ച് താമസിക്കുന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വലിയ വിമര്‍ശനം കേട്ടിരുന്നു. അഭയാര്‍ത്ഥികളെ കൃത്യമായി പുനരധിവസിപ്പിക്കാത്ത സര്‍ക്കാര്‍ മാനുഷികാവകാശലംഘനം നടത്തുകയാണെന്ന് ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു.
അഭയാര്‍ത്ഥികളെ നീക്കം ചെയ്തതിന് പിന്നാലെ ഇവിടെ വീണ്ടും ടെന്റുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കാത്ത വിധം ബാരിയറുകളും അധികൃതര്‍ ഉയര്‍ത്താനാരംഭിച്ചിട്ടുണ്ട്.
അതേസമയം അയര്‍ലണ്ടിലെത്തുന്ന എല്ലാ പുരുഷന്മാരായ അഭയാര്‍ത്ഥികളെയും പുനരധിവസിപ്പിക്കാന്‍ നിലവില്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. നിലവില്‍ 1,939 അഭയാര്‍ത്ഥികളാണ് തലചായ്ക്കാന്‍ ഒരിടത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.
വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമുകളില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനായി മികച്ച ടെന്റുകളുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഒപ്പം ടോയ്‌ലറ്റുകള്‍, ഷവറുകള്‍, ആരോഗ്യസേവനം, ഭക്ഷണം എന്നിവയും നല്‍കുന്നു. ഫോണുകളും മറ്റും ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം, മുഴുവന്‍ സമയ സുരക്ഷ എന്നിവയുമുണ്ട്.