ലിമറിക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമിട്ട് ഗാര്‍ഡ ക്രിമിനല്‍ അസറ്റ്‌സ് ബ്യൂറോ (CAB) നടത്തിയ റെയ്ഡില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 150-ലധികം ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് നിരവധി കെട്ടിടങ്ങളില്‍ വ്യാപക റെയ്ഡുകള്‍ നടത്തിയത്. Garda Emergency Response Unit (ERU), Armed Support Unit (ASU) എന്നീ സായുധസംഘങ്ങളുടെ സഹായവും ഗാര്‍ഡയ്ക്ക് ലഭിച്ചു. ലോക്കല്‍ ഗാര്‍ഡ സ്‌റ്റേഷന്‍ അംഗങ്ങളും റെയ്ഡില്‍ പങ്കെടുത്തു.
ലിമറിക്കിന് പുറമെ ക്ലെയര്‍, ടിപ്പററി, ഡബ്ലിന്‍, മേയോ കൗണ്ടികളിലെ വിവിധ പ്രദേശങ്ങളിലും റെയ്ഡ് നടത്തിയതില്‍ നിന്നും മയക്കുമരുന്നുകള്‍, 200,000 യൂറോയിലധികം കണക്കില്‍ പെടാത്ത പണം എന്നിവ പിടിച്ചെടുത്തു. കൊക്കെയിന്‍ കൈവശം വച്ചെന്ന സംശയത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വീടുകള്‍, സ്ഥാപനങ്ങള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലെല്ലാം ഗാര്‍ഡ തിരച്ചില്‍ നടത്തിയിരുന്നു. ഏതാനും കാര്‍ വില്‍പ്പന സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്തതില്‍ നിന്നും 27 കാറുകളും പിടിച്ചെടുത്തു. റെയ്ഡില്‍ ആഡംബര വാച്ചുകളും പിടിച്ചെടുത്തിട്ടുണ്ട്.
ക്രിമിനല്‍ ബന്ധമുള്ളവര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, ബോട്ടുകള്‍, ആഡംബര നൗകകള്‍, ജെറ്റ് സ്‌കൈസ് മുതലായവ ഗാര്‍ഡ ലക്ഷ്യമിട്ടിരുന്നുവെന്ന് CAB അറിയിച്ചു.