ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ ഇന്ധനനികുതി വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പാര്‍ലമെന്റില്‍ Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഹാരിസ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഇന്ധനവില വര്‍ദ്ധിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയില്ല.
ഉക്രെയിന്‍ യുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഊര്‍ജ്ജവില വര്‍ദ്ധിച്ചതോടെയാണ് 2022 മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ മുതലായവയ്ക്ക് എക്‌സൈസ് നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. നികുതി പുനഃസ്ഥാപിക്കുന്നത് പിന്നീട് പലതവണ മാറ്റിവച്ച ശേഷം രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കാന്‍ ഈയിടെ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ട വര്‍ദ്ധന ഇക്കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കുകയും ഇതോടെ രാജ്യത്തെ ഇന്ധനവില വര്‍ദ്ധിക്കുകയും ചെയ്തു. രണ്ടാം ഘട്ട നികുതി വര്‍ദ്ധന വരുന്ന ഓഗസ്റ്റ് മാസത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. അങ്ങനെ വന്നാല്‍ പെട്രോളിന് നാല് സെന്റും, ഡീസലിന് മൂന്ന് സെന്റും വില വര്‍ദ്ധിക്കും.
ഇതിനെതിരെയാണ് മക്‌ഡൊണാള്‍ഡ് പാര്‍ലമെന്റില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. അടുത്തയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ വലിയ കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്നതും, ദുരിതത്തിലാക്കുന്നതുമാണെന്ന് അവര്‍ വിമര്‍ശനമുയര്‍ത്തി. ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ധന നികുതി വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും മക്‌ഡൊണാള്‍ഡ് ആവശ്യപ്പെട്ടു.
ഇതിന് മറുപടിയായാണ് ഓഗസ്റ്റ് മാസത്തിലെ ഇന്ധനവില വര്‍ദ്ധന പുനഃപരിശോധിക്കുകയാണെന്ന് പ്രധാനമന്ത്രി ഹാരിസ് പറഞ്ഞത്. അതേസമയം ഒക്ടോബര്‍ മാസത്തിലെ കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.