അയർലണ്ടിലെ ആശുപത്രികളിലുള്ള തീവ്ര പരിചരണ വിഭാഗങ്ങൾ രോഗികളെ കൊണ്ട് നിറയാറായി എന്ന് റിപ്പോർട്ട്. രോഗം വഷളായവരെ പ്രവേശിപ്പിക്കാനായി ഐസിയു നിർബന്ധമല്ലാത്ത മറ്റ് രോഗികളെ കൂടുതലായി ഡിസ്‌ചാർജ് ചെയ്യുകയാണ് വഴിയെന്നും Irish National ICU Audit വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25% പേരും ഡിസ്ചാർജിനു ശേഷവും 24 മണിക്കൂർ വരെ അവിടെ തന്നെ തുടരേണ്ടി വരുന്ന സ്ഥിതി ഉണ്ടെന്ന് Irish National ICU Audit ക്ലിനിക്കൽ ലീഡറായ Professor Rory Dwyer പറഞ്ഞു. ഇവരെ കൃത്യാമായി ഡിസ്ചാർജ് ചെയ്ത് വിടാൻ സാധിക്കാത്തത് കാരണം വിലയേറിയ സമയവും, ബെഡ്ഡുകളും നഷ്ടമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐസിയു ചികിത്സ മതിയാക്കി വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ച ശേഷവും അവരെ ഐസിയുവിൽ നിന്നും വിടാൻ നടപടി വൈകുകയാണ്. ഇത് മറ്റ് അവശ്യ ചികിത്സ വേണ്ടിവരുന്ന രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ കൃത്യസമയത്ത് ഐസിയു ഡിസ്ചാർജ് നടപ്പിലാക്കുന്നതിന് ആശുപത്രികൾ മുൻഗണന നൽകണം- Prof. Dwyer പറഞ്ഞു.