ഡബ്ലിന്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പുകാരായ daa കഴിഞ്ഞ വര്‍ഷം നേടിയത് റെക്കോര്‍ഡ് ലാഭം. 2023-ല്‍ ആകെ 1,018 ബില്യണ്‍ യൂറോ വരുമാനവും, 176 മില്യണ്‍ യൂറോയുടെ ലാഭവുമാണ് കമ്പനി നേടിയത്. 2019-ന് ശേഷം ആദ്യമായി 31 മില്യണ്‍ യൂറോ സര്‍ക്കാരിന് ഡിവിഡന്‍ഡ് ആയി നല്‍കാനും കമ്പനിക്ക് സാധിച്ചു.
2022-നെ അപേക്ഷിച്ച് 35% അധികവരുമാനമാണ് daa-യ്ക്ക് പോയ വര്‍ഷം ലഭിച്ചത്. ആകെ 36.3 മില്യണ്‍ പേരാണ് 2023-ല്‍ രണ്ട് എയര്‍പോര്‍ട്ടുകളിലുമായി യാത്ര ചെയ്തത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മാത്രം രണ്ട് ടെര്‍മിനലുകളിലുമായി 31.9 മില്യണ്‍ യാത്രക്കാര്‍ എത്തി. ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് ഒരു വര്‍ഷത്തിനിടെ യാത്രക്കാരുടെ സംതൃപ്തി നിരക്ക് 37% വര്‍ദ്ധിപ്പിക്കാനും സാധിച്ചു.
മറുവശത്ത് 62 വര്‍ഷത്തെ ചരിത്രത്തിനിടെ കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഏറ്റവുമധികം യാത്രക്കാര്‍ എത്തിയത് 2023-ലാണ്. ആകെ 2.9 മില്യണ്‍ യാത്രക്കാരാണ് പോയ വര്‍ഷം എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. 2022-നെക്കാള്‍ 25% ആണ് വര്‍ദ്ധന.