മലയാളിയും, ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയുമായ ജിതിന്‍ റാമിന് നേരെ വംശീയാധിക്ഷേപവും, ആക്രമണവും. ഇന്നലെ ഡബ്ലിനിലെ Shackleton-ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ജിതിനെയും സംഘത്തെയും ഒരാള്‍ വംശീയമായി അധിക്ഷേപിക്കുകയും, ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വോട്ട് ചോദിക്കാനായി ചെന്ന ജിതിനോട് കയര്‍ത്ത അക്രമി, തുടര്‍ച്ചയായി ‘Fu**ing Indian’ എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാം. ഒപ്പം എന്തുകൊണ്ടാണ് Airlie Park ഇന്ത്യക്കാര്‍ മാത്രം ഉപയോഗിക്കുന്നത് എന്നും ആരോപിക്കുന്നുണ്ട്.
എന്നാല്‍ പാര്‍ക്ക് പൊതുസ്വത്താണെന്നും, എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും പറഞ്ഞ് അക്രമിയെ ശാന്തനാക്കാന്‍ ശ്രമിച്ച ജിതിനും സംഘത്തിനും നേരെ ഇയാള്‍ വീണ്ടും അധിക്ഷേപം ചൊരിയുകയും, നടന്നുപോയി ഒരു ഹോക്കി സ്റ്റിക്കുമായി തിരിച്ചെത്തി ദേഹോപദ്രവം നടത്തുകയുമായിരുന്നു.
ലോകരാജ്യങ്ങളില്‍ മിക്കയിടത്തുമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍ സമാധനപൂര്‍ണ്ണമായി ജീവിക്കുന്നവരാണെന്നും, അയര്‍ലണ്ടില്‍ വലിയ രീതിയില്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നവരാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ജിതിന്‍ റാം പ്രതികരിച്ചു. അതിനാല്‍ത്തന്നെ ഇവിടുത്തെ ഇന്ത്യക്കാരെ ഫസ്റ്റ് ക്ലാസ് സിറ്റിസന്‍സിന് തുല്യമായി തന്നെ ബഹുമാനിക്കുകയും, പരിഗണിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കുടിയേറ്റവിരുദ്ധരുടെയും, തീവ്രവലതുപക്ഷവാദികളുടെയും ആക്രമണങ്ങളും മറ്റും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഏറ്റവും ഒടുവിലത്തേത്താണ് ഈ സംഭവം.