യു.കെയില്‍ നിന്നും അനധികൃതമായി അയര്‍ലണ്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ ഗാര്‍ഡ ഇടപെട്ട് കഴിഞ്ഞയാഴ്ച മടക്കിയയച്ചു. മടങ്ങിപ്പോകാന്‍ ഇവര്‍ വിസമ്മതിച്ചെങ്കിലും നാല് ദിവസം നീണ്ട ഓപ്പറേഷനിലൂടെ ഇവരെ യു.കെയിലേയ്ക്ക് തന്നെ പറഞ്ഞുവിട്ടതായി ഗാര്‍ഡ അറിയിച്ചു. യു.കെയുടെ റുവാന്‍ഡ പദ്ധതിയെ ഭയന്ന് വടക്കന്‍ അയര്‍ലണ്ട് വഴി നിരവധി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലെത്തുന്നതായുള്ള വാദത്തെ ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
യു.കെയില്‍ അനധികൃതമായി താമസിക്കുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയുമായി ഉണ്ടാക്കിയ പ്രത്യേക ധാരണപ്രകാരം അവിടേയ്ക്ക് കയറ്റി വിടുന്ന പദ്ധതിയാണ് റുവാന്‍ഡ പ്ലാന്‍.
2023 അവസാന പാദം മുതല്‍ അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേയ്ക്ക് കടക്കുന്നത് തടയാന്‍ ഗാര്‍ഡ പ്രത്യേക ഓപ്പറേഷനുകള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മെയ് 20 മുതലുള്ള ഒരാഴ്ചയ്ക്കിടെ മതിയായ രേഖകളില്ലാതെ അയര്‍ലണ്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 50 കുടിയേറ്റക്കാരെ മടക്കിയയച്ചത്. ഡബ്ലിന്‍ പോര്‍ട്ടില്‍ നിന്നും ഫെറി വഴി ഹോളിഹെഡ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലേയ്ക്കാണ് ഇവരെ എത്തിച്ചത്.
അനധികൃതമായി രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ തടയാനായി അതിര്‍ത്തിയില്‍ ഗാര്‍ഡ നിലയുറപ്പിക്കുകയും, തുടര്‍ച്ചയായി ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തിവരികയും ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. റോഡുകള്‍, ട്രെയിനുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. UK Border Force, UK policing services, Police Service of Northern Ireland, Cross Border Joint Action Task Force എന്നിവരുടെ സഹായവും ഗാര്‍ഡയ്ക്ക് ലഭിക്കുന്നുണ്ട്.
തടയപ്പെടുന്ന ഓരോ അനധികൃത കുടിയേറ്റക്കാരെയും അവരുടെ വ്യക്തിഗതമായ അവസ്ഥ മനസിലാക്കി, മാനുഷികപരിഗണന നല്‍കിയാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഗാര്‍ഡ വ്യക്തമാക്കി.
ഗാര്‍ഡ നടപടികളെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.