മറ്റുള്ളവരെ പറ്റി അപവാദം പറഞ്ഞാൽ സ്വന്തം സമ്പാദ്യം മുഴുവനും നഷ്ടമായേക്കും; അയർലണ്ടിലെ Defamation Act-നെ പറ്റി ചിലത്…

അഭിപ്രായസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് അയര്‍ലണ്ട്. ആരെ പറ്റിയും വിമര്‍ശനം നടത്താനും, എന്തിനെ പറ്റിയും അഭിപ്രായം പറയാനും നിയമം ഇവിടെ നിങ്ങള്‍ക്ക് അവകാശം നല്‍കുന്നു. അതേപോലെ തന്നെ വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനും വലിയ വില കല്‍പ്പിക്കുന്ന രാജ്യമാണ് അയര്‍ലണ്ട്. സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കാനും, അതിന് വിഘാതം സൃഷ്ടിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഐറിഷ് ഭരണഘനയില്‍ വകുപ്പുകളുണ്ട്. അത്തരത്തിലൊന്നാണ് Defamation Act.

അയര്‍ലണ്ടിലെ Defanation Act 2009 പ്രകാരം അപവാദം പറയുക, ദുഷ്പ്രചരണം നടത്തുക എന്നിവയെല്ലാം അപകീര്‍ത്തിപ്പെടുത്തല്‍ എന്നതിന്റെ പരിധിയില്‍ വരുന്നതാണ്. തന്നെപ്പറ്റി മറ്റൊരാളോ, സ്ഥാപനമോ സമൂഹത്തില്‍ അവമതിപ്പ് ഉളവാക്കും വിധം സംസാരിക്കുകയോ, എഴുതുകയോ, മറ്റേതെങ്കിലും രീതിയില്‍ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. മാനനഷ്ടക്കേസ് എന്ന രീതിയിലാകും ഇത് ഫയല്‍ ചെയ്യപ്പെടുക.

അതേസമയം ഇത്തരം കേസുകളില്‍ കുറ്റവിമുക്തരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അടിസ്ഥാനമില്ലാത്ത ദുഷ്പ്രചരണങ്ങള്‍ നടത്തിയാല്‍, കോടതിയില്‍ അവ സത്യമാണെന്ന് തെളിയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നതാണ് അതിന് കാരണം. മറ്റൊരാളെ പറ്റി സത്യമാണോ എന്നുപോലും അറിയാതെ നാം പറയുന്ന മോശം കാര്യങ്ങള്‍, ആ വ്യക്തി കേസ് നല്‍കുന്നതിലേയ്ക്ക് നയിക്കുകയാണെങ്കില്‍, പറഞ്ഞതെല്ലാം സത്യമാണെന്ന് കോടതിയില്‍ തെളിയിക്കേണ്ടതായി വരും. അഥവാ അത് സത്യമല്ലെങ്കില്‍ നിയമത്തിന്റെ കണ്ണില്‍ നിങ്ങള്‍ കുറ്റക്കാരായി മാറും.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പൊതുവെ തെളിവുകള്‍ ലഭ്യമല്ല എന്ന സത്യം മനസിലാക്കുക. അതിനാല്‍ത്തന്നെ കോതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവികമായും നിങ്ങള്‍ കുറ്റം ചെയ്തു എന്ന് കോടതി കണ്ടെത്തുകയും, വലിയ തുക പിഴ ലഭിക്കുകയും ചെയ്യാം. അതായത് സത്യമെന്ന് ഉറപ്പില്ലാത്തതും, തെളിയിക്കാന്‍ സാധിക്കാത്തതുമായ പ്രചരണങ്ങള്‍ നിങ്ങള്‍ക്ക് തന്നെ തിരിച്ചടിയായേക്കാം.

മറ്റൊരാളോട് അപവാദം പറയുക മാത്രമല്ല, അപവാദപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, കമന്റുകള്‍, ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, ബ്ലോഗ് പോസ്റ്റുകള്‍ എന്നിവയെല്ലാം അപകീര്‍ത്തി പ്രചാരണത്തിന് കീഴില്‍ വരുന്നതാണ്. മാത്രമല്ല സോഷ്യല്‍ മീഡിയിലെ അപവാദ പ്രചരണങ്ങളെ പ്രത്യേകമായി കണക്കാക്കി കേസെടുക്കാനും സാധിക്കും. വാട്സാപ്പ് പോലുള്ള മെസേജിങ് പ്ലാറ്റ്ഫോമുകളും ഇതില്‍ പെടും.

സോഷ്യല്‍ മീഡിയയില്‍ വ്യക്തിത്വം വെളിവാക്കാതെയാണ് പോസ്റ്റ് ചെയ്തത് എങ്കില്‍ പോലും അന്വേഷിച്ച് അത് ചെയ്തയാളെ കണ്ടെത്താന്‍ ഗാര്‍ഡയ്ക്ക് സാധിക്കും. രാജ്യത്തെ നിയമപ്രകാരം കേസിന് ആസ്പദമായ പോസ്റ്റുകള്‍ ചെയ്ത അക്കൗണ്ടിന്റെ എല്ലാ വിവരങ്ങളും കൈമാറാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ബാധ്യസ്ഥരാണ്. Norwich Pharmacal Order എന്നാണ് ഇത് അറിയപ്പെടുന്നത്.

കുറ്റക്കാര്‍ ആണെന്ന് തെളിഞ്ഞാല്‍?

മാനനഷ്ടക്കേസില്‍ കുറ്റക്കാരെന്ന് തെളിയുന്ന പക്ഷം കോടതി ശിക്ഷ വിധിക്കും. മാപ്പ് പറയുക, പ്രസ്താവനയില്‍ മാറ്റം വരുത്തുക എന്നിവയ്ക്കൊപ്പം പിഴ അല്ലെങ്കില്‍ ഒരായുസ്സിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നേക്കാം. പരാതി നല്‍കിയയാളുടെ ആവശ്യം കൂടി അംഗീകരിച്ചാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

Share this news

Leave a Reply

%d bloggers like this: