അയര്‍ലണ്ടുകാര്‍ക്ക് 3.49% വരെ പലിശ നല്‍കുന്ന ഇന്‍സ്റ്റന്റ് സേവിങ്‌സ് അക്കൗണ്ട് സൗകര്യവുമായി Revolut. നിലവില്‍ യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ പലിശനിരക്ക് ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട് എന്നും, എന്നാല്‍ പുതിയ ചുവടുവെപ്പിലൂടെ ഇതിന് പരിഹാരം കാണുകയാണ് തങ്ങള്‍ എന്നും Revolut-ന്റെ യൂറോപ്പ് മേധാവിയായ ജോ ഹെനഗന്‍ പറഞ്ഞു.
2 മുതല്‍ 3.49% വരെ പലിശനിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ സേവിങ്‌സ് അക്കൗണ്ടുകളാണ് Revolut ആരംഭിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന അക്കൗണ്ടുകള്‍ക്കനുസരിച്ച് പലിശനിരക്കിലും വ്യത്യാസമുണ്ടാകും.
ഇന്‍സ്റ്റന്റ് പേയ്‌മെന്റ് പോലുള്ള സേവനങ്ങള്‍ നല്‍കിവരുന്ന Revolut-ന് രാജ്യത്ത് ഏകദേശം 2.7 മില്യണ്‍ ഉപഭോക്താക്കളുണ്ടെന്നാണ് കമ്പനി പറയുന്നത്. പുതിയ സേവിങ്‌സ് അക്കൗണ്ട് സേവനം എപ്പോള്‍ വേണമെങ്കിലും പണം നിക്ഷേപിക്കാനും, പിന്‍വലിക്കാനും സഹായകമാകുന്ന തരത്തിലാണെന്നും, ദൈനംദിന ബാങ്കിങ്ങിലെ ഏറ്റവും മികച്ച ചോയ്‌സ് ആയി Revolut-നെ മാറ്റാനുള്ള ആദ്യ പടിയാണ് ഇതെന്നും കമ്പനി പറയുന്നു.
സെന്‍ട്രല്‍ ബാങ്കിന്റെ മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് ശരാശരി 2.51% ആണ് അയര്‍ലണ്ടിലെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന പലിശനിരക്ക്. എന്നാല്‍ യൂറോസോണില്‍ ഇത് 3.16% ആണ്. അതേസമയം AIB, Bank of Ireland എന്നിവ 3 ശതമാനത്തിനടുത്ത് പലിശനിരക്ക് സേവിങ്‌സിന് വാഗ്ദാനം ചെയ്യുന്നുണ്ട്.